തിരുവനന്തപുരം: ഓരോ സംസ്ഥാനത്തുമെത്തുന്ന വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് എന്തൊക്കെ സഹായം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൃത്യമായി നിര്‍ദേശിക്കാറുണ്ട്.
അതിഥിയായിക്കണ്ട് സ്വീകരിക്കണമെന്നതാണ് പൊതുരീതി. മുമ്പൊരിക്കല്‍ പാക്കിസ്ഥാന് അംബാസിഡര്‍ കേരളത്തിലെത്തിയപ്പോള്‍ വാഹനമൊരുക്കാന്‍ കൂലിവാങ്ങണമെന്ന നിര്‍ദേശമാണ് വിദേശകാര്യ മന്ത്രാലയം കേരളാ സര്‍ക്കാരിനു നല്‍കിയത്.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് പാകിസ്താന് അംബാസിഡര്‍ അഞ്ചുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയത്. ആവശ്യമായ സുരക്ഷ നല്‍കണമെന്നും വാഹനസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു അംബാസഡറുടെ ആവശ്യം.
ഇത് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ ഏര്പ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു മറുപടി.
ഇതിന്റെ കൂലി സര്‍ക്കാര്‍ വഹിക്കരുതെന്നും അംബാസഡറില്‍നിന്ന് ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം, സര്‍ക്കാര്‍വാഹനം ഒരുകാരണവശാലും ഒരുകാരണവശാലും വിട്ടുനല്‍കരുതെന്നും നിര്‍ദേശംനല്‍കി.
ഇന്ത്യയുമായി നല്ലബന്ധത്തിലായിരുന്ന മലേഷ്യയിലെ ഒരു മന്ത്രി കേരളത്തിലെത്തിയപ്പോഴും നല്‍കേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്രം കൃത്യമായ മാർഗ നിർദ്ദേശം നൽകിയിരുന്നു.
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സുരക്ഷയും വാഹനവും മറ്റു സൗകര്യങ്ങളുമെല്ലാം നല്‍കാനാണു നിര്‍ദേശിച്ചത്. അയ്യപ്പഭക്തനായ ഒരു മന്ത്രി ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുരക്ഷമാത്രം ഒരുക്കിയാല്മതിയെന്നും കേന്ദ്രം അറിയിച്ചിരുന്നു.
നയതന്ത്രപ്രതിനിധികള്‍ക്കുള്ള പരിഗണന, അവര്‍ പ്രതിനിധാനംചെയ്യുന്ന രാജ്യവുമായി ഇന്ത്യയ്ക്കുള്ള ബന്ധം അനുസരിച്ചാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാന്‍ പാടില്ല.
ഈ വ്യവസ്ഥകളെല്ലാം യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്രപ്രതിനിധികളുടെ കാര്യത്തില്‍ സംസ്ഥാനം തെറ്റിച്ചതിന്റെ കാരണമാണ് കേന്ദ്രം ഗൗരവത്തോടെ പരിശോധിക്കുന്നത്. ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്ന് അറിയുന്നു.