കോട്ടയം: കോവിഡിൽ നട്ടം തിരിയുന്ന വീട്ടമ്മമാരെ വായ്പാ തിരിച്ചടവിന്റെ പേരിൽ വട്ടം കറക്കി സ്വകാര്യ പണമിടപാട് കന്പനികൾ.
വീടുകളിലെ സാന്പത്തിക അരക്ഷിതാവസ്ഥ കണക്കിലെടുത്ത് പല സ്വയം സഹായ ഗ്രൂപ്പുകളിൽനിന്നും സ്വകാര്യ ബാങ്കുകളുടെ പണമിടപാടുകളിൽനിന്നും പണം പലിശയ്ക്കു കടം കൊടുക്കുന്ന ഇതര സംസ്ഥാനക്കാരിൽനിന്നും പണം പലിശയ്ക്കു വാങ്ങിയ വീട്ടമ്മമാരെയാണ് ഇടപാടുകാർ വട്ടം ചുറ്റിക്കുന്നത്.
ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചു പലവിധത്തിലുള്ള സ്വയം സഹായസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ പുറമെ പണം തവണ വ്യവസ്ഥയ്ക്ക് പലിശയ്ക്ക് കൊടുക്കുന്ന ഗ്രൂപ്പുകളുമുണ്ട്.
ഇതിനെല്ലാം പുറമെയാണു ചില സ്വകാര്യബാങ്കുകളുടെ ഏജന്റുമാർ മുഖേന പലിശയ്ക്ക് പണം കൊടുക്കുന്നത്. വിവിധ ഗ്രൂപ്പുകളിൽ അംഗങ്ങളായ പല സ്ത്രീകളും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ നിന്നെല്ലാം പണം കടമെടുത്തിരുന്നു.
ഇവയെല്ലാം മുടക്കം കൂടാതെ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. കോവിഡും ലോക്ഡൗണും ഒരുപോലെ എത്തിയ സാഹചര്യത്തിൽ ഗൃഹനാഥന്മാർക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ തിരിച്ചടവ് തവണകൾ മുടങ്ങി.
തിരിച്ചടവിന് സാവകാശം ചോദിക്കുന്പോൾ പണം തിരിച്ചടയ്ക്കാൻ നിർബന്ധം ചെലുത്തുകയും ഭീഷണി ഉയർത്തുകയുമാണ് ഈ സ്ഥാപനങ്ങളുടെ ഏജന്റ്മാരെന്ന് വീട്ടമ്മമാർ ആരോപിക്കുന്നു.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സാവകാശം നൽകണമെന്ന് വീട്ടമ്മമാർ ആവശ്യപ്പെട്ടെങ്കിലും ഏജന്റുമാർ ഇതിനു തയാറകുന്നില്ലെന്ന്് സ്ത്രീകൾ പറയുന്നു.
പലപ്പോഴും വീടുകളിലെത്തി പണം തിരിച്ചടയ്ക്കാൻ മാനസികമായി സമ്മർദ്ദത്തിലാക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടി.
കോവിഡിനെ തുടർന്നു വായ്പാ തിരിച്ചടവിന് സഹകരണബാങ്കുകൾ നൽകുന്ന സാവകാശമെങ്കിലും അനുവദിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം.