തൃശൂർ: എയർലൈൻ കന്പനിയിൽ ജോലി വാഗ്ദാനം നൽകി തൃശൂർ സ്വദേശിയുടെ 30,000 തട്ടിയെടുത്തതായി പരാതി. അയ്യന്തോൾ സ്വദേശി ടിറ്റി ജേക്കബ് ആണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എയർ എഷ്യയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ പണം കെട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ജോലിക്കായി ടിറ്റി ജേക്കബ് ബയോഡാറ്റയും യോഗ്യതകളും ജോബ് റിക്രൂട്ട്മെന്റും വെബ്സെറ്റുകളിൽ അപ്ലോഡ് ചെയ്തിരുന്നു.
ബംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിന് 9800 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. എയർടിക്കറ്റ് അയച്ചുതരുമെന്നും എയർഎഷ്യയുടെ പേരിലുള്ള ലെറ്റർപാഡിൽ അറിയിച്ചിരുന്നുവത്രെ.
സൗകര്യങ്ങൾ ഒരുക്കിയശേഷം പലരും ഇന്റർവ്യുവിന് എത്താറില്ലാത്തതിനാലാണ് സെക്യൂരിറ്റി ആവശ്യപ്പെടുന്നത്. ഈ പണം ഇന്റർവ്യൂവിന് പങ്കെടുത്തവർക്ക് തിരിച്ചുനൽകുമെന്നും പറഞ്ഞു.ഇത്തരത്തിൽ രണ്ട് തവണയായി 31,144 രൂപയാണ് ടിറ്റിക്ക് നഷ്ടപ്പെട്ടത്.
പണം അയച്ച അക്കൗണ്ട് എയർ എഷ്യയുടെ അല്ലെന്നും ജാർഖണ്ഡ് സ്വദേശിയുടേതാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ അറിഞ്ഞു.അക്കൗണ്ടിൽ നൂറുരൂപമാത്രമാണ് ബാലൻസുള്ളത്. ഇതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തൃശൂർ വെസ്റ്റ് പോലീസിലും സൈബർ സെല്ലിലും പരാതിപ്പെട്ടു.