എടപ്പാൾ:വീണു കിട്ടിയ ഭീമമായ തുക ഉടമസ്ഥനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഏൽപിച്ച പെയ്ന്റിംഗ് തൊഴിലാളികളായ യുവാക്കൾക്കു ചങ്ങരംകുളം പോലീസിന്റെ അനുമോദനം.
ഇക്കഴിഞ്ഞ ദിവസം ജോലിക്ക് പുറപ്പെട്ട വട്ടംകുളം എപ്പാൾ സ്വദേശികളായ മുസ്തഫ, ഫിറോസ് എന്നിവർക്കാണ് എടപ്പാൾ ഗോവിന്ദ തിയറ്ററിനടുത്ത് നിന്നു 40,000 രൂപയോളം അടങ്ങിയ പഴ്സ് വീണു കിട്ടിയത്. ഉടൻ തുക നഷ്ടപ്പെട്ടയാളെ കണ്ടെത്തുന്നതിനായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു യുവാക്കൾ.
തുടർന്നു രേഖകൾ വച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ആ പണം ആലത്തൂർ തൃപ്പങ്ങോട് സ്വദേശി ഇല്ല്യാസിന്റേതാണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ഉടമയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി തുക കൈമാറുകയും ചെയ്തു.
മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച യുവാക്കളെ സ്റ്റേഷനിൽ വച്ച് സിഐ ബഷീർ ചിറക്കലിന്റെ നിർദേശ പ്രകാരം എസ്ഐ മനോജ് കുമാറും പോലീസുകാരും ചേർന്നു ഉപഹാരം നൽകിയാണ് അനുമോദിച്ചത്.