കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കലാകാരൻമാരായ ദന്പതികൾക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് കേസടുത്തത്.
കണ്ണൂർ ഇരിവേരി പാനേരിച്ചാലിലെ പ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷ് (50), നർത്തകിയും ഗായികയുമായ ഭാര്യ കലാമണ്ഡലം ഉഷാനന്ദിനി (48) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂർ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിൻ പരാതി പ്രകാരം കേസെടുത്തത്. ചൈത്രയുടെ സഹോദരന് കണ്ണൂർ എയർപോർട്ടിൽ പ്യൂൺ/അറ്റൻഡർ തസ്തികയിൽ ജോലി നൽകാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദന്പതികൾ തട്ടിയെടുത്തത്.
2019 ഓഗസ്റ്റ് 19 നും 20നും ഇടയിൽ വച്ച് പല തവണയായാണ് അഞ്ചു ലക്ഷം രൂപ കൊടുത്തത്. എന്നാൽ ജോലി നൽകാതെ ഇവർ വഞ്ചിക്കുകയായിരുന്നു. തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും ഇവർ നൽകാൻ തയാറായില്ല.
പണം തിരികെ നൽകാത്തതിനെ തുടർന്ന് ചൈത്ര കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കണ്ണൂർ സിറ്റി പോലീസിന് കോടതി നിർദേശം നൽകുകയായിരുന്നു.
സംഭവത്തെകുറിച്ച് അന്വേഷിച്ച് എഫ്ഐആർ സമർപ്പിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്യാൻ പോലീസ് തയാറായില്ല. ഇതിനിടയിൽ പണം നൽകി സംഭവം ഒത്തുതീർക്കാമെന്ന് പരാതിക്കാരിയോട് ദന്പതികൾ പറയുകയും അഞ്ചുലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു.
എന്നാൽ ചെക്കിൽ പറഞ്ഞ തീയതി പ്രകാരം ബാങ്കിനെ സമീപിച്ചെങ്കിലും വ്യാജ ചെക്കായിരുന്നുവെന്ന് മനസിലാവുകയായിരുന്നു. തുടർന്ന് ചെക്ക് നൽകി വഞ്ചിച്ചതിന് കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്തിരിക്കുകയാണ്.