സ്വപ്‌നം കാണുന്നതിലും സ്വപ്‌നം കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിലും യാതൊരു പിശുക്കുമില്ലാത്തായാളാണ് താനെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. മോദിയുടെ അത്തരത്തിലുള്ള സ്വപ്‌നങ്ങളിലൊന്നായിരുന്നു കാഷ്‌ലെസ് ഇന്ത്യ. ഇന്ത്യയില്‍ പലയിടത്തും അദ്ദേഹമത് നടപ്പിലാക്കുകയും ചെയ്തു. അവിടെയെല്ലാം ഈ കാഷ്‌ലെസ് പദ്ധതി വന്‍വിജയമായിരുന്നു എന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നതും. എന്നാല്‍ മോദിയുടെയും ബിജെപിയുടെയും ഈ സ്വപ്‌നം പാടെ തകരുമെന്ന് സൂചന നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യ ക്യാഷ്ലെസ് ഗ്രാമമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന തെലങ്കാനയിലെ ഇബ്രാഹീംപൂര്‍ ഗ്രാമം ‘ക്യാഷ്ലെസ്’ സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പെട്ടിക്കടയില്‍ വരെ പൈസ വാങ്ങാതിരുന്ന ഇബ്രാഹീംപൂര്‍ ഗ്രാമത്തെ പറ്റി അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പക്ഷെ പണരഹിത സമ്പദ്വ്യവസ്ഥയുടെ പേരില്‍ സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് പറ്റിച്ച കഥകളാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ക്ക് പറയാനുള്ളത്. ഇടപാടുകള്‍ക്ക് വലിയതോതില്‍ പണം ഈടാക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് ഈ നാട്ടുകാരെ തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. നാട്ടുകാരുടെ പക്കലുള്ള സൈ്വപിങ് മെഷീനുകളെല്ലാം തിരിച്ചു നല്‍കിയെന്ന് നാട്ടുകാരനായ പ്രവീണ്‍ പറയുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസത്തില്‍ 1400 രൂപ ബാങ്കുകള്‍ക്ക് ഇതിന്റെ വാടക നല്‍കേണ്ടതുണ്ട്.
ഈ മെഷീന്‍ ഉപയോഗിച്ചതിന്റെ പേരില്‍ മാത്രം 10,000 രൂപയുടെ നഷ്ടം കഴിഞ്ഞ ആറുമാസത്തിനിടെ എനിക്കുണ്ടായിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ക്യാഷ്ലെസ് ട്രാന്‍സാക്ഷന്‍ കൊണ്ട് എന്താണ് പ്രയോജനമെന്നും പ്രവീണ്‍ ചോദിക്കുന്നു. എ.ടി.എമ്മുകളില്ലാത്തതും ഈ ക്യാഷ്ലെസ് ഗ്രാമത്തെ വലയ്ക്കുന്നു. പണമെടുക്കാന്‍ ആന്ധ്രബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമീപത്തുള്ള ‘സ്ത്രീനിധി’ ബാങ്കിനെയാണ് എല്ലാവരും ആശ്രയിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ബാങ്കുകളോട് നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക എം.എല്‍.എയും കാര്‍ഷികവകുപ്പ് മന്ത്രിയുമായ ഹരീഷ് റാവു പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ തിരിച്ച് ക്യാഷ്ലെസിലേക്ക് തിരിച്ചുപോകുമെന്നും റാവു പറയുന്നു.