കോഴിക്കോട്: 200 കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന് ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ മകൻ ഇ.ടി. ഫിറോസിന്റെ സ്വത്ത് എറ്റെടുത്തു നൽകാൻ കോടതിയുടെ മേൽനോട്ടത്തിൽ നടപടി തുടങ്ങി.
ഫിറോസ് മാനേജിംഗ് ഡയറക്ടറായ, ചെന്നൈയിൽ രജിസ്ട്രേ ഡ് ഓഫീസുള്ള അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി കനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽനിന്നെടുത്ത കടം തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള ഹർജിയിലാണ് നടപടി.
ഈ മാസം 21നകം കടം വീട്ടണം. അല്ലാത്തപക്ഷം തുടർനടപടിയെടുക്കുമെന്നു കാണിച്ച് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ പി.ടി. ശ്രീനാരായണൻ ഉണ്ണി, ഫിറോസിനും മറ്റു ഡയറക്ടർമാർക്കും നോട്ടീസ് നൽകി.
കോഴിക്കോട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ഫാത്തിമ ബീവിയുടെ നിർദേശ പ്രകാരമാണ് നടപടി. കമ്പനിയും മാനേജിംഗ് ഡയറക്ടറും മറ്റ് ഡയറക്ടർമാരുമടക്കം 21 പേരെ എതിർകക്ഷികളാക്കിയുള്ള ഹർജിയിലാണ് നടപടി.
വായ്പ തിരിച്ചടച്ചില്ലെങ്കിൽ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് അടക്കം പതിനഞ്ചോളം പണയവസ്തുക്കൾ കമ്മീഷൻ ഏറ്റെടുത്ത് ബാങ്കിനു കൈമാറണമെന്നാണ് നിർദേശം.
തിരിച്ചടവിനു സമയം ആവശ്യപ്പെട്ട് ഫിറോസ് അടക്കമുള്ളവർ കമ്മീഷന് അപേക്ഷ നൽകി. 2013ൽ രണ്ടു ബാങ്കിലുംനിന്ന് അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി 200 കോടി രൂപ കടമെടുത്തുവെന്നാണ് കേസ്.
കേന്ദ്രസർക്കാർ സ്ഥാപനമായ കുദ്രേമുഖ് അയൺ ഓർ കമ്പനിയിൽനിന്ന് ഇരുമ്പിന്റെ പാഴ്സാധനങ്ങൾ ലേലത്തിൽ പിടിക്കാൻ വേണ്ടിയാണ് കടം വാങ്ങിയത്.
രണ്ടു കൊല്ലത്തിനകം പണം തിരിച്ചടയ്ക്കണമെന്നായിരുന്നു ധാരണ. തിരിച്ചടവു നീണ്ടു പോയപ്പോൾ 2017ൽ ബാങ്കുകൾ നൽകിയ ഹരജിയിലാണ് ഇപ്പോൾ നടപടി.