പത്തനംതിട്ട: ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമ നിക്ഷേപകരില്‍ നിന്നു പണം വാങ്ങി മുങ്ങിയെന്ന പരാതികളില്‍ ഇതുവരെ 14 കേസുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തു.
തട്ടിപ്പിന്റെ വ്യാപ്തി 100 കോടി കവിയുമെന്നാണ് പ്രാഥമിക നിഗമനം. അമ്പതോളം പരാതികള്‍ ഇതുവരെ ലഭിച്ചതില്‍ 49 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ നാലും അടൂരില്‍ പത്തും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പത്തനംതിട്ടയില്‍ നിന്ന് 30 കോടിയും ഓമല്ലൂരില്‍ നിന്ന് 13 കോടിയും അടൂരില്‍ നിന്ന് ആറുകോടിയും തട്ടിയെടുത്തതായി ഇതുവരെ ലഭിച്ച പരാതികളില്‍ പറയുന്നു.
കേസുകളില്‍ ഏകോപനം ഉണ്ടാക്കി പ്രത്യേക അന്വേഷണസംഘത്തിന്റെ കീഴിലാക്കുന്നത് പരിഗണനയിലാണ്.
നേരത്തെ പോപ്പുലര്‍ ഫൈനാന്‍സിയേഴ്സുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാകും അന്വേഷണസംഘം രൂപീകരിക്കുക. ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി ചുമതല വഹിക്കും.
ഏതാനും മാസങ്ങളായി നിക്ഷേപകര്‍ക്ക് പലിശ നല്കുന്നതില് തടസങ്ങളുണ്ടായിരുന്നു. പണം പിന്‍വലിക്കാനെത്തിയവരോട് ഉടമ അല്പം സാവകാശം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയിലാണ് ഒരാഴ്ച മുമ്പ് കുടുംബസമേതം ഉടമ സജി സാം മുങ്ങിയത്. ഇതോടെ പരാതിക്കാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
ഉടമയുമായി സംസാരിച്ച് പണം തിരികെ വാങ്ങിത്തരണമെന്നതായിരുന്നു നിക്ഷേപകരുടെ ആവശ്യം. നിയമനടപടികളിലേക്കു കടക്കാന്‍ പരാതിക്കാര്‍ ആദ്യം മടിച്ചെങ്കിലും ഉടമയും കുടുംബവും നാടുവിട്ടെന്നു ബോധ്യപ്പെട്ടതോടെയാണ് കേസെടുക്കണമെന്നാവശ്യം പോലീസിനുമേല്‍ ഉണ്ടായത്.
പത്തനംതിട്ട സിഐ കെ.വി. ബിനീഷ് ലാലിന്റെ നേതൃത്വത്തില്‍ ഇന്നലെയും ഓമല്ലൂരിലെ തറയില്‍ ഫിനാന്‍സ് കേന്ദ്ര ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി.
കോന്നി വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫൈനാന്‍സിയേഴ്സിന്റെ തകര്‍ച്ചയോടെയാണ് തറയില്‍ ഫിനാന്‍സ് പ്രതിസന്ധിയിലായതെന്ന് പറയുന്നു.
പോപ്പുലര്‍ ഫൈനാന്‍സിയേഴ്സില്‍ തറയില്‍ ഫിനാന്‍സ് ഉടമ സജി സാം നിക്ഷേപം നടത്തിയിരുന്നതായാണ് സൂചന.
പ്രതിസന്ധി മനസിലാക്കിയ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ വ്സ്തുക്കള്‍ വിറ്റ് പണം തന്നുകൊള്ളാമെന്ന് ഉടമ പറഞ്ഞിരുന്നുവത്രേ.
പത്തനംതിട്ട രജിസ്റ്റേര്‍ഡ് ഓഫീസിനു പുറമേ ഓമല്ലൂര്‍, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 1991ല്‍ സ്വര്‍ണപ്പണയ ഇടപാടുകളുമായി ആരംഭിച്ച സ്ഥാപനം പിന്നീട് നോണ്‍ ബാങ്കിംഗ് മേഖലയില്‍ രജിസ്റ്റര്‍ ചെയ്തു.
ഉടമയും കുടുംബവും നാടുവിടാനുള്ള സാധ്യത മനസിലാക്കി. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.