അമ്പലപ്പുഴ; നഷ്ടപ്പെട്ടെന്ന് കരുതിയ പണം പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ തിരിച്ചു കിട്ടിയപ്പോള്‍ എങ്ങനെ നന്ദി പറയണമെന്നറിയാതെ യുവാവ്.
പുറക്കാട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍, ഭാര്യയുടെ ചികിത്സക്കുവേണ്ടി സ്വര്‍ണ്ണം പണയംവെച്ച 70000 രൂപയാണ് അമ്പലപ്പുഴ പോലീസിന്റെ ഇടപെടലില്‍ തിരിച്ചുകിട്ടിയത്.
ഇന്ത്യന്ബാ ങ്കിന്റെ അമ്പലപ്പുഴ ശാഖയില്‍ സ്വര്‍ണ്ണം പണയം വെച്ചതിന് ശേഷം വീട്ടിലെത്തി ബൈക്കിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്.
പിന്നീടാണ് ഓര്‍മ്മ വരുന്നത് ബൈക്ക് തെറ്റി മറ്റൊരു ബൈക്കിന്റെ ബാഗിലാണ് താന്‍ പണം വെച്ചതെന്ന കാര്യം.
ഉടനെതന്നെ അമ്പലപ്പുഴയിലുള്ള ബാങ്കിലെത്തി മാനേജറോട് വിവരം പറഞ്ഞതനുസരിച്ച് കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പണം വെച്ച ബൈക്കിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. പിന്നീടാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്ദ്വിജേഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ ടോൾസൻ, കോണ്‍സ്റ്റബിള്‍ ജയനും ചേര്‍ന്ന് സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പണം വെച്ച ബൈക്കിന്റെ ഉടമയെ കണ്ടെത്തി.
അമ്പലപ്പുഴ വാളമ്പറമ്പില്‍ വിഷ്ണു നാരയണന്റെ ഉടമസ്ഥതയിലുള്ള ബൈക്കായിരുന്നു. തുടര്‍ന്ന് ഇയാളുടെ നമ്പര്‍ ശേഖരിച്ച് ഇദ്ദേഹത്തെ വിളിച്ച് ബാഗില്‍ പണവും രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തി.
സ്റ്റേഷനില്‍ എത്തിയ വിഷ്ണുനാരായണന്‍ പണവും രേഖകളും എസ് ഐ ടോള്‍സണിന്റെ സാന്നിധ്യത്തില്‍ കൈമാറി.
ഭാര്യ കവിതയുടെ ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കാനുള്ള തിരക്കിനിടെ താന്‍ വന്ന ബൈക്കാണെന്ന് കരുതി വിഷ്ണു നാരായണന്റെ ബൈക്കിന്റെ ബാഗില്‍ പണവും പാസുബുക്കും പണയം വെച്ചതിന്റെ രേഖകളും വെച്ചു.
ഇതിന് ശേഷം ഹെല്മെറ്റെടുത്തപ്പോളാണ് ബൈക്ക് മാറിയവിവരം അനില്‍കുമാര്‍ അറിയുന്നത്.
പിന്നീട് പണവും മറ്റ് രേഖകളും എടുക്കാതെ അനില്‍കുമാര്‍ താന്‍ വന്ന ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പണം നഷ്ടപ്പെട്ട ദുഖത്തേക്കാള്‍ അനില്‍കുമാറിന് തന്റെ ഭാര്യയുടെ ശസ്ത്രക്രിയ മുടങ്ങുമെന്ന ആശങ്കയിരുന്നു .
പണം തിരിച്ചുകിട്ടിയതോടെ പോലീസിനോടും പണം തിരിച്ചുതന്ന വിഷ്ണു നാരായണനോടും നന്ദിപറയാന്‍ വാക്കുകളില്ലാതെ അനില്‍കുമാര്‍ വിതുമ്പി.