പന്തളം: വാര്‍ഡില്‍ നിന്നു ലഭിച്ച ഒരു പരാതി നഗരസഭയ്ക്കു കൈമാറിയ കൗണ്‍സിലര്‍ക്ക് 9100 രൂപ പിഴയിട്ട സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു കൗണ്‍സിലര്‍.
വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കുന്ന പന്തളം നഗരസഭയിലാണ് സെക്രട്ടറി – കൗണ്‍സില്‍ പോരിനിടെ പിഴയിടീല്‍ വിവാദവും ആളിപ്പടരുന്നത്.
പന്തളം നഗരസഭയിലെ ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍ സൗമ്യാ സന്തോഷിനാണ് നഗരസഭാസെക്രട്ടറി എസ്. ജയകുമാര്‍ പിഴ വിധിച്ചത്.
ഒന്നാം വാര്‍ഡിലെ ഐരാണിക്കുഴി പാലത്തിനു സമീപമുള്ള ജോണ്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വൃക്ഷം കാറ്റടിച്ചാല്‍ കടപുഴകി വീടിനു മുകളിലേക്ക് വീഴുമെന്ന് ആശങ്കപ്പെട്ട് കൗണ്‍സിലറായ സൗമ്യയക്ക് പരാതി നല്‍കിയിരുന്നു..
കൗണ്‍സിലര്‍ ആ പരാതി നഗരസഭാ സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷിപ്പിച്ചപ്പോള്‍ നിലവില്‍ അപകടസ്ഥിതി ഇല്ലെന്ന് ബോധ്യപ്പെട്ട് മരം മുറിക്കാനുള്ള അപേക്ഷ നിരസിച്ചത്രേ.
ജനശബ്ദമെന്ന്…
ഇതേതുടര്‍ന്ന് കേരളാ മുനിസിപ്പല്‍ ആക്ട് 558-ാം വകുപ്പുപ്രകാരമെന്ന് പറഞ്ഞ് നഗരസഭാ സെക്രട്ടറി കൗണ്‍സിലര്‍ സൗമ്യാ സന്തോഷിന് 9100രൂപ പിഴ വിധിച്ചത്.
558 ാം വകുപ്പുപ്രകാരം ഏതെങ്കിലും ആള്‍ക്കെതിരായി നല്കപ്പെടുന്ന ഏതെങ്കിലും പരാതി നിസാരമാണെന്നോ ശല്യപ്പെടുത്താന്‍ വേണ്ടി ഉള്ളതാണോ, അല്ലെങ്കില്‍ ഉത്തമവിശ്വാസപൂര്വം ഉള്ളതല്ലെന്നോ അന്വേഷണത്തില്‍ സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ പരാതിയിന്മേല് അന്വേഷണം
നടത്താന്‍ നഗരസഭയ്ക്കു ചെലവായ തുക പരാതിക്കാരനില്‍ നിന്ന് ഈടാക്കാമെന്നാണ് വ്യവസ്ഥ. ചെലവ് ഈടാക്കാന്‍ നിര്ദ്ദേശിക്കുംമുമ്പ് ബന്ധപ്പെട്ട ആള്‍ക്ക് നിര്‍ദ്ദിഷ്ട നടപടിക്ക് എതിരായി കാരണംകാണിക്കുന്നതിനുള്ള നോട്ടീസ് നല്‍കേണ്ടതാണെന്നും വകുപ്പില്‍ പറയുന്നുണ്ട്.
താന്‍ ഒരുവ്യക്തിക്കെതിരേയും പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ഡിലെ ജനങ്ങളുടെ ആവശ്യം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്ടായതെന്നും സൗമ്യ സന്തോഷ് പറഞ്ഞു.
ചട്ടവിരുദ്ധമോ?
സെക്രട്ടറിയുടെ നടപടിക്കെതിരെ കൗണ്‍സിലര്‍ നഗരസഭാദ്ധ്യക്ഷക്ക് പരാതി നല്കി.
തനിക്ക് വിശദീകരണംനല്‍കാന്‍ അവസരം നല്‍കിയില്ലെന്നും ജനാധിപത്യവ്യവസ്ഥപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി സെക്രട്ടറി അധികാരദുര് വിനിയോഗം നടത്തി ചട്ടവിരുദ്ധമായി പിഴ ചുമത്തിയെന്ന് പരാതിയില്‍ പറയുന്നു.
പട്ടികജാതി സംവരണവാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട തന്നെ അവഹേളിക്കണമെന്നും അപമാനിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ സെക്രട്ടറി പ്രവര്‍ത്തിച്ചെന്നും നടപടി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ അധികാരത്തിന്മേലുംഅവകാശത്തിന്മേലുമുള്ള കടന്നുകയറ്റമാണെന്നും പരാതിയില്‍ പറയുന്നു.
അതിനാല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്ചര്ച്ച ചെയ്ത് ചട്ടവിരുദ്ധതീരുമാനം റദ്ദ് ചെയ്യണമെന്നും സൗമ്യ സന്തോഷ് നഗരസഭാധ്യക്ഷക്ക് നല്കിയ പരാതില്‍ പറയുന്നു.
ഇതിനുപുറമേ ദേശീയ എസ്ഇ, എസ്ടി കമ്മീഷനും സംസ്ഥാന കമ്മീഷനും തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കും.