പത്തനംതിട്ട: കോടി കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ കോന്നി വകയാര്‍ കേന്ദ്രമാക്കിയ പോപ്പുലര്‍ ഫൈനാന്സിയേഴ്സിനു പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെയും തകര്‍ച്ച നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫൈനാന്സിയേഴ്സിനെതിരെയാണ് ആക്ഷേപം. ശാഖകള്‍ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയതായാണ് പരാതി.
100 കോടി രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ഉടമയുമായി സംസാരിച്ച് പ്രശ്നം രമ്യമായി തീര്‍ക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം പാളിയതോടെ പോലീസില്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇന്നലെ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തറയില്‍ ഫൈനാന്‍സിയേഴ്സിന്റെ ഓമല്ലൂര്‍, പത്തനംതിട്ട, അടൂര്‍, പത്തനാപുരം ഓഫീസുകളാണ് പൂട്ടിയിട്ടിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സജി സാമിന്റെ ബിഎംഡബ്ല്യു കാര്‍ അടൂരിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമായാണ് സജി മുങ്ങിയത്. ഓമല്ലൂരിലെ മൂന്നുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്.
1991ല്‍ തുടങ്ങിയ സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത നേടിയടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്. 13 മുതല്‍ 15 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ പലിശ ലഭിക്കാതെ വന്നതോടെ സ്ഥാപനം തകരാന്‍ പോവുകയാണെന്ന് നിക്ഷേപകരില്‍ ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു.
കുറഞ്ഞ നിക്ഷേപം നടത്തിയ ചിലര്‍ തുക പിന്‍വലിച്ചു. പണം ലഭിക്കാതെ വന്ന മറ്റുള്ളവര്‍ സജിയെ സമീപിച്ചപ്പോള്‍ ഉടനെ നല്‍കാമെന്നായിരുന്നു മറുപടി.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി സജിയുടെ ഫോണ്‍ സ്വിച്ച് ഓഫായതോടെ നിക്ഷേപകര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം മുതല്‍ ഏഴുകോടി വരെ നിക്ഷേപിച്ചവരുണ്ട്.
പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയ 35 നിക്ഷേപകരുടെ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന തുക നാല് കോടിയോളം വരും. ഒരു കോടിയോളം നിക്ഷേപിച്ചവരുടെ നാല് പരാതികള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
സ്ഥാപനം പൂട്ടിയെന്ന വിവരത്തെ തുടര്‍ന്ന് ശാഖകളില്‍ ഇന്നലെ നൂറുകണക്കിന് നിക്ഷേപകരെത്തിയിരുന്നു. പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്ന ആവശ്യമാണ് നിക്ഷേപകരില്‍ ഏറെപ്പേരും ഉയര്‍ത്തുന്നത്.
പോപ്പുലറിന്റെ അനുഭവം മുന്നില്‍ ഉള്ളതിനാല്‍ നിയമനടപടികളിലേക്കു പോകാന്‍ പലര്‍ക്കും താത്പര്യമില്ല.