തിരുവല്ല: മുക്കുപണ്ടമടക്കം പണയംവച്ച് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ തിരുവല്ല അർബൻ സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.
ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ തട്ടിപ്പ് മനസിലായെങ്കിലും ഇതു മൂടിവയ്ക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സംഭവം പുറംലോകത്ത് അറിഞ്ഞതോടെയാണ് നടപടികളിലേക്കു കടന്നത്.
ബാങ്കിന്റെ തിരുവല്ല പ്രധാന ശാഖയിലെ സീനിയർ ക്ലാർക്കും കാവുംഭാഗം സ്വദേശിനിയുമായ പ്രീത ഹരിദാസ്, പൊടിയാടി ശാഖയിലെ ക്ലാർക്കും വൈക്കത്തില്ലം സ്വദേശിനിയുമായ പുഷ്പലത എന്നിവർക്കെതിരെയാണ് നടപടി.
സ്വർണപ്പണയ ഇടപാടിൽ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് ഭരണ മിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെന്ന് പറയുന്നു.
സസ്പെൻഷനിലായ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലാണ് സ്വർണപ്പണയം വച്ചിരുന്നത്.
ബാങ്കിന്റെ കറ്റോട്, തിരുവല്ല, പൊടിയാടി ശാഖകളിലെ സ്ഥിര നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നും വ്യാജ വൗച്ചർ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരടങ്ങുന്ന സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയതായും ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
സ്വർണപ്പണയവും വ്യാജ വൗച്ചർ ഉപയോഗിച്ച് പണം തട്ടിയതുമായ സംഭവങ്ങളിൽ മൂന്ന് ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥർ അടക്കമുള്ള ഏതാനും ജീവനക്കാർക്ക് മെമ്മോ നൽകിയതായും തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. സനൽ കുമാർ പറഞ്ഞു.