മൂവാറ്റുപുഴ: തട്ടിപ്പിനിരയായെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയയാൾ അന്വേഷണത്തിനൊടുവിൽ പ്രതിയായി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽനിന്നു കോടികൾ തട്ടിയ കേസിലെ പ്രതി, തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനനെ (37) ആണ് പോലീസ് പിടികൂടിയത്.
മൂവാറ്റുപുഴയിൽ ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇയാളെ സിഐ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ നിരവധി യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.
കേരളത്തിലെ വിവിധ ജില്ലകളിൽ വടംവലി മത്സരങ്ങൾ സ്പോണ്സർ ചെയ്യുന്ന ഇയാൾ പരിചയംവച്ച് ആളുകളെ വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
അഭ്യസ്തവിദ്യരായ യുവാക്കളെ റഷ്യ, കാനഡ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ മാളുകളിലും മറ്റും ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് കോടിയോളം തട്ടിയെടുത്തെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
നാലര ലക്ഷം മുതൽ ആറര ലക്ഷം രൂപ വരെ ഓരോരുത്തരിൽനിന്ന് ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചെടുത്തു. വിസിറ്റിംഗ് വിസയിൽ തായ്ലൻഡിലും മലേഷ്യയിലും കൊണ്ടുപോയി താമസിപ്പിച്ചശേഷം കബളിപ്പിക്കപ്പെട്ട ആളുകളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മറ്റുള്ളവരിൽനിന്നു വായ്പ വാങ്ങിയാണ് പലരും ഇയാൾക്ക് പണം നൽകിയത്. വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതായതോടെ മാനഹാനി മൂലം വീട്ടിലെത്താൻ പറ്റാതെ മലപ്പുറം, ഇടുക്കി, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിൽ ഹോട്ടലുകളിലും കോഴി ഫാമുകളിലും വിദേശത്ത് എന്ന വ്യാജേന രഹസ്യമായി ജോലി ചെയ്തു വരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽനിന്നു രക്ഷപ്പെടുന്നതിനും തട്ടിപ്പിനിരയായവർക്ക് പണം തിരികെ കൊടുക്കാതിരിക്കുന്നതിനും വേണ്ടി ഇയാൾ തന്നെ പരാതിക്കാരനായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസിന് മനസിലായത്.
ഇതേ കേസിൽ നേരത്തെ മാവേലിക്കര കന്നിമേൽ ചന്ദ്രഭവൻ ശരത്ചന്ദ്രൻ എന്നയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും ഇവരെക്കുറിച്ചുള്ള അന്വേഷണം ഉർജിതമാക്കിയതായും പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
റൂറൽ ജില്ല പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി സി.ജി. സനൽകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.കെ. ബഷീർ, എം.എ. ഷക്കീർ, സിപിഒ ബിബിൽ മോഹൻ എന്നിവരുമുണ്ടായിരുന്നു.