ചെന്നൈ: തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി.
ദിണ്ടിഗലിലെ സ്ഥാനാർഥിയായ എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്.
ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിൽ ഒരാൾ പണം ഇട്ട് നൽകുന്നതും മറ്റൊരാൾക്ക് സ്ഥാനാർഥി തന്നെ നേരിട്ട് പണം നൽകുന്നതും വീഡിയോയിൽ കാണാം.
2000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.
അതേസമയം, വോട്ടിനു വേണ്ടി പണം നൽകിയതല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകിയതാണെന്നാണ് അണ്ണാ ഡിഎംകെയുടെ വിശദീകരണം.