ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മുൻ ബിജെപി പഞ്ചായത്തംഗം കസ്റ്റഡിയിലായതായി വിവരം.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽനിന്നു കോടികൾ തട്ടിയെടുത്ത മുൻ ബിജെപി പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായരാണ് ചെങ്ങന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്.
പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. കേസിലെ മറ്റു പ്രതികൾ പിടിയിലാകാനുണ്ട്.
ബിജെപി മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ സനു തനിക്കുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.