കുമരകം: ആർമി ഓഫീസർ എന്ന വ്യാജേന ഹോട്ടലിൽനിന്നും ഭക്ഷണം ഓർഡർ ചെയ്തു പണം തട്ടിപ്പു നടത്താനുള്ള ശ്രമം പാഴായി.
ഓണ്ലൈനിൽ ഫുഡ് ഓർഡർ ചെയ്തശേഷം ബാങ്ക് അക്കൗണ്ടിലേക്ക് ഭക്ഷണത്തിന്റെ വില കൈമാറാൻ എടിഎം കാർഡ് നന്പരും പിന്നീട് ഒടിപി നന്പരും ചോദിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
കൈപ്പുഴ മുട്ട് പെട്രോൾ പന്പിനു എതിർവശത്തുള്ള നന്ദനം ഫുഡ് കോർട്ട് ഉടമ ഷിബു രഘുനാഥിൽനിന്നാണ് 59,000 രൂപ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത്.
സമീപത്തു കന്പ്യൂട്ടർ സെന്റർ നടത്തുന്ന യുവാവിന്റെ അവസരോചിതമായ ഇടപെടലാണ് തട്ടിപ്പിൽനിന്നും ഷിബുവിനെ രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരം 5.30ന് താജ് ഹോട്ടലിൽനിന്നാണെന്നു പറഞ്ഞ് ഷിബുവിന്റെ ഫോണിലേക്ക് ആർമി ഉദ്യോഗസ്ഥരായ തങ്ങൾക്ക് ഭക്ഷണം വേണമെന്നു ഹിന്ദിയിൽ ആവശ്യപ്പെട്ട് ഓർഡർ നൽകി.
4700 രൂപയുടെ ആഹാരം ഓർഡർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് അയയ്ക്കാൻ ഷിബുവിന്റെ അക്കൗണ്ട് നന്പരും എടിഎം കാർഡ് നന്പരും വാട്സ് ആപ്പിൽ അയച്ചു കൊടുക്കുവാർ ആവശ്യപ്പെടുകയായിരുന്നു.
ആർമി ഓഫീസർ തന്റേതെന്നുപറഞ്ഞ് ഒരു എടിഎം കാർഡിന്റെ ഫോട്ടോയും ഷിബുവിന് അയച്ചു കൊടുത്തിരുന്നു.
എടിഎം കാർഡ് നന്പർ കൊടുത്തതോടെ മൊബൈലിൽ ഒടിപി വരികയും ആ നന്പർ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. നന്പർ പറഞ്ഞു കൊടുക്കാൻ തയാറാകാതെ വന്നതോടെ വിളിച്ചയാൾ ദേഷ്യപ്പെട്ടു.
ഷിബുവിന്റെ ഫോണിൽ വന്ന സന്ദേശത്തിൽ 50,000 രൂപയ്ക്കു മുകളിൽ പിൻവലിക്കാൻ വേണ്ടിയുള്ള ഒടിപി എന്നു കണ്ടതോടെ മുഴുവൻ നന്പരും നൽകുന്നത് കന്പ്യൂട്ടർ സെന്റർ ഉടമ തടയുകയായിരുന്നു.
സംഗതി തട്ടിപ്പാണെന്നു മനസിലായി തിരികെ വിളിച്ചതോടെ 91 9337081879 എന്ന നന്പരുള്ള ഫോണ് സ്വിച്ച് ഓഫ് എന്നാണ് പ്രതികരിച്ചത്.