പയ്യന്നൂര്‍: കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ വഴിയില്‍ വീണുകിടക്കുന്ന പണം പോലും ആര്‍ക്കും വേണ്ട.
ഇക്കാരണത്താല്‍ കളഞ്ഞുപോയ പണം ഒന്നരമണിക്കൂറിന് ശേഷം ഉടമയ്ക്കു തന്നെ തിരിച്ചുകിട്ടി.
ഞായറാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൊറ്റിയിലാണ് സംഭവം.
പയ്യന്നൂരില്‍ സ്റ്റുഡിയോ നടത്തുന്ന രാമന്തളി സ്വദേശിയായ യുവാവ് സൂഹൃത്തായ വീഡിയോഗ്രഫറെ കാണാനാണ് കൊറ്റിയിലെത്തിയത്.
തിരിച്ചുപോകാനായി പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് ബൈക്കിന്റെ താക്കോലെടുത്ത കൂട്ടത്തിലാണ് പോക്കറ്റിലുണ്ടായിരുന്ന പണം താഴെ വീണത്.
പണം കാണാതായതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ വീണ്ടും കൊറ്റിയിലെത്തി. ബൈക്ക് നിര്‍ത്തിയിടത്ത് നോക്കിയപ്പോള്‍ പണം അവിടെതന്നെ കിടക്കുന്നുണ്ടായിരുന്നു.
സമീപത്തെ വ്യാപാരി ഉള്‍പ്പെടെ പലരും പണം കിടക്കുന്നത് കണ്ടിരുന്നുവെങ്കിലും കൊറോണ ഭയത്താല്‍ ആരും അടുത്തുപോലും പോകാതിരുന്നതിനാലാണ് ഇയാള്‍ക്ക് പണം തിരിച്ചുകിട്ടിയത്.