നിശാന്ത് ഘോഷ്
കണ്ണൂര്‍: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള ഉത്തരവിറങ്ങിയിട്ടും പരിഷ്കരിച്ച ശമ്പള വിതരണം തുടങ്ങിയില്ല.
വര്‍ഷങ്ങളായുള്ള പ്രക്ഷോഭത്തിന്റെ ഫലമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്ക്കരിച്ചും കൊണ്ട് ഉത്തരവായത്.
എന്നാല്‍ ശമ്പള പരിഷ്കരണത്തിലെ അപാകതകളും ക്ഷാമബത്ത പ്രഖ്യാപനത്തിലെ കാലതാമസവുമാണ് പുതുക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പള-ആനുകൂല്യ വിതരണത്തിന് തടസമായതെന്ന് പറയുന്നു.
2008 ലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. 2009ല്‍ ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കിയെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് ശമ്പള പരിഷ്കരണ ശിപാര്‍ശ ബോര്‍ഡ് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ശാന്തിക്ഷേമ യൂണിയനും കഴിഞ്ഞ ഡിസംബറില്‍ ബോര്‍ഡ് ആസ്ഥാനത്ത് 64 ദിവസം നീണ്ടു നിന്ന സമരം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ബോര്‍ഡ് പ്രസിഡന്റായ എം.ആര്. മുരളിയുടെ സമ്മര്‍ദഫലമായി സര്‍ക്കാര്‍ ശമ്പളം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന് മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009 ലെ ശമ്പളവും ആനുകൂല്യവുമാണ് ലഭിക്കുന്നത്.
ശമ്പളം ഫിക്സ് ചെയ്യുന്ന കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് പരിഷ്കരിച്ച ശമ്പള വിതരണത്തിന് തടസമാകുന്നത്.
പഴയ ശമ്പള നിരക്കിലാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ലഭിച്ചു പോരുന്നത്. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമുള്ള പരിഷ്ക്കരണമായതിനാല്‍ പ്രീ റിവൈയ്സ്ഡ് സ്കെയില്‍ ക്ഷാമബത്ത തന്നെ അനുവദിക്കണമെന്ന് ക്ഷേത്ര ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ശമ്പളം,ആനുകൂല്യം എന്നിവ സംബന്ധിച്ചുള്ള അപാകതകള്‍ പരിഹരിക്കാന്‍ ക്ഷേത്രം ജീവനക്കാരുടെ അഭിപ്രായം തേടുന്നതിനായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ മാസം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെക്കുകയായിരുന്നു. കോവിഡ് രൂക്ഷമായ തോടെ ക്ഷേത്രങ്ങള്‍ അടച്ചിടുന്നതും ആളുകള്‍ വരുന്നത് കുറഞ്ഞതും ജീവനക്കാര്‍ക്ക് ക്ഷേത്ര ഫണ്ടില്‍ നിന്നും നല്കുന്ന ചെറിയ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
പല ക്ഷേത്ര ജീവനക്കാര്‍ക്കും 2020ലെ ശമ്പളവും ക്ഷാമബത്തയും ഇനിയും പൂര്‍ണമായും കിട്ടിയിട്ടില്ല.