സ്വന്തം ലേഖകൻ
കൊണ്ടോട്ടി: വിമാനത്താവളങ്ങൾ വഴി അനധികൃതമായി സ്വർണം കടത്തുന്പോൾ കോടികളുടെ വിദേശ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേക്കു കടത്തുന്ന സംഘങ്ങളുമുണ്ട്. സ്വർണക്കടത്ത് സംഘത്തിനു വേണ്ടിയാണ് വിദേശ കറൻസി കടത്തെന്നു യാത്രക്കാരെ ചോദ്യം ചെയ്തതിൽനിന്നു കണ്ടെത്തിയിരുന്നു.
കള്ളക്കടത്തായി എത്തിക്കുന്ന സ്വർണം ഇവിടെ വിറ്റ് പണമാക്കിയ ശേഷം അവ വിദേശത്തേക്കു കടത്തി വീണ്ടും സ്വർണം വാങ്ങി ഇന്ത്യയിലേക്കെത്തിക്കുകയാണ് ഇവരുടെ രീതി.
കാസർഗോഡ് സ്വദേശികളാണ് വിദേശ കറൻസിക്കള്ളക്കടത്തിൽ ഏറെയും കരിപ്പൂരിൽ പിടികൂടിയത്. കഴിഞ്ഞ വർഷം രണ്ടുയാത്രക്കാരിൽ നിന്നു മാത്രം ഒന്നേകാൽ കോടിയുടെ വിദേശകറൻസികളാണ് ഒറ്റയടിക്കു പിടികൂടിയത്.
വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇന്റലിജൻസിന് പുറമേ കേന്ദ്ര സുരക്ഷ സേനയും വിദേശ കറൻസി വേട്ട നടത്തുന്നുണ്ട്. സൗദി റിയാൽ, ഒമാൻ റിയാൽ, യഎഇ ദിർഹം, ബഹറിൻ ദിനാർ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ,യൂറോ,യുഎസ് ഡോളർ, യുകെ പൗണ്ട് തുടങ്ങിയവയാണ് കൂടുതലായും ഗൾഫിലേക്ക് കടത്തുന്നത്.
സ്വർണക്കടത്ത് പോലെ ബാഗേജിൽ പ്രത്യേക അറകളുണ്ടാക്കിയ കറൻസികളും ഒളിപ്പിക്കുന്നത്. പരിശോധനകളിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമാണ് കള്ളക്കടത്ത്.
വിസിറ്റിംഗ് വീസയിൽ പോകുന്നവരാണ് വിദേശ കറൻസിയിൽ പിടിയിലാകുന്നവരിൽ കൂടുതലും.വിദേശത്തേക്കു നിശ്ചിത പരിധിയിൽ കൂടുതൽ കറൻസികൾ കൊണ്ടുപോകാൻ പാടില്ലെന്നാണ് നിയമം. ഇന്ത്യൻ രൂപയ്ക്കു തുല്യമായി ഓരോ രാജ്യത്തിന്റെയും കറൻസികളുടെ മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ യാത്രക്കാരനിൽ കണ്ടെത്തിയാൽ അറസ്റ്റിലാകും.
കറൻസിക്ക് പുറമെ ഗൾഫിലേക്കു കഞ്ചാവ് കടത്തിയ സംഭവങ്ങളും പിടിക്കപ്പെട്ടിട്ടുണ്ട്. മയക്ക് മരുന്ന് കടത്തിന് കടുത്ത ശിക്ഷയാണുളളത്. ഇത് വകവയ്ക്കാതെ പെട്ടൊന്ന് പണക്കാരാവകുകക എന്നതാണ് കള്ളക്കടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുന്നത്.
മയക്ക് മരുന്നു കേസികൾ കുറഞ്ഞതോടെയാണ് സ്വർണക്കള്ളക്കടത്ത് വർധിച്ചത്. ഈ സ്വർണം ശേഖരിക്കാനാണ് നാട്ടിൽ നിന്ന് വിദേശ കറൻസി കടത്തുന്നത്.