തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന ആരോപണങ്ങളുടെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎം പ്രചാരണരംഗത്ത് പുതിയ തന്ത്രം മെനയുന്നു.
സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്.
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയും യുഡിഎഫും ബോധപൂർവമായ ശ്രമം നടത്തുന്നു.
തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ അടുത്ത മാസം ആദ്യം മുതൽ വ്യാപകമായി കുടുംബയോഗങ്ങൾ സംഘടിപ്പിക്കും.
മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. പാർട്ടി ജില്ലാ കമ്മിറ്റികൾ ഇതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി.
പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്.
കിഫ്ബിയ്ക്കെതിരെ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയും ഇടതുപക്ഷത്തിനെതിരെയുള്ള എൻഎസ്എസ് നിലപാടും കുടുംബയോഗങ്ങളിൽ വിശദീകരിക്കും.
സ്ഥാനാർഥികളും യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും സിപിഎം നൽകിയിട്ടുണ്ട്.