ചേര്‍ത്തല: ആലപ്പുഴ കളക്ടറേറ്റിൽ ജാതിവിവേചനം നടത്തിയ കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി-എസ്ടി ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിയെ അറസ്റ്റ് ചെയ്യാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങുമെന്ന് എസ്സി-എസ്ടി കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. നടേശന്, വൈസ് പ്രസിഡന്റ് തിലകമ്മ പ്രേംകുമാര്‍, ജില്ലാ സെക്രട്ടറി വയലാര്‍ ധനഞ്ജയന്, ജോ. സെക്രട്ടറി പി. ശ്രീനിവാസന് എന്നിവര്‍ പറഞ്ഞു.
കളക്ടറേറ്റിലെ ടി. രഞ്ജിത്ത് എന്ന പട്ടികജാതിക്കാരനായ ജീവനക്കാരനെ ജാത്യാധിക്ഷേപം നടത്തുകയും പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ഹാജര്ബുക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത ഹുസൂര്‍ ശിരസ്തദാര്ക്കെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്ത കേസ് അട്ടിമറിക്കാനാണ് കളക്ടറുടെ ഓഫീസും പോലീസും ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
കേസിലെ നടപടികള്‍ വൈകുന്നതിനാലാണ് രഞ്ജിത്ത് മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനിലും പോലീസിലും മറ്റും പരാതി നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തില്‍ ആവലാതിക്കാരനെ സ്ഥലം മാറ്റുകയും ചെയ്തെന്ന് അവര്‍ പറഞ്ഞു.