കൊച്ചി: പി.വി.ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു. എം. ജേക്കബ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ഹർജിയിൽ ഇവരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി.
ഇതു രേഖപ്പെടുത്തിയ ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് ഹർജി ഇന്നു പരിഗണിക്കാനായി മാറ്റിയത്.
സാബു. എം. ജേക്കബിനു പുറമേ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്ക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പഞ്ചായത്തംഗങ്ങളായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇന്നലെ രാവിലെ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി ആദ്യം പരിഗണനയ്ക്കു വന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹം പിൻമാറിയതിനെത്തുടർന്നാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് വന്നത്.
കഴിഞ്ഞ കർഷകദിനത്തിൽ ഐക്കരനാട് കൃഷിഭവനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് ശ്രീനിജിൻ നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തത്.
എന്നാൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിക്കാർ പറയുന്നു.
ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. അദേഹവുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും ഹർജിക്കാർ പറയുന്നു. സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സാബുവും വ്യക്തമാക്കുന്നു.