മരുഭൂമിയെന്നു പറയുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ ഒരു നിരാശ ഉണ്ടാവും. അപ്പോള്‍ പിന്നെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരുവന്റെ അവസ്ഥ പറഞ്ഞറിയിക്കണോ. ഇങ്ങനെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നവരില്‍ ഭൂരിഭാഗം ആളുകളും മരണപ്പെടുകയാണ് പതിവ്.
ദക്ഷിണ ഓസ്‌ട്രേലിയയിലെ വിദൂരദേശത്തെ ജോലിക്ക് ശേഷമുള്ള മടക്കയാത്രയിലാണ് സാഹസികത നിറഞ്ഞ കഥകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 21 വയസുള്ള ഓസ്‌ട്രേലിയക്കാരനായ ടോം എന്ന ചെറുപ്പക്കാരന് ഈ അസാധാരണ അനുഭവമുണ്ടായത്. മരുഭൂമിയില്‍ വിജനമായ സ്ഥലത്തെ കാറപകടത്തിന് ശേഷം ടോം നടന്നത് 140 കിലോമീറ്റര്‍, ചുട്ടു പഴുത്ത മരുഭൂമിയിലൂടെ 60 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ദാഹമകറ്റാന്‍ ടോമിന് കിട്ടിയത് സ്വന്തം മൂത്രം മാത്രം. ടെക്‌നീഷ്യനായ ടോം മാന്‍സണ്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലും ദക്ഷിണ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിയിലുമുള്ള പ്രദേശങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത്.
യുലാരയിലെ ജോലിക്ക് ശേഷമുള്ള മടക്കയാത്രയില്‍ മുന്നില്‍പ്പെട്ട ഒട്ടകകൂട്ടത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ടോമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ദക്ഷിണ ഓസ്‌ട്രേലിയയിലെ ഈ തരിശുഭൂമിയിലുണ്ടായ അപകടത്തില്‍ നിന്ന് ടോം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാര്‍ പാടെ തകര്‍ന്നു. അപകടത്തിന് മുന്നെ തന്നെ ടോമിന്റെ ഫോണ്‍ തകരാറിലായിരുന്നു. മരുഭൂമിയില്‍ നിന്ന് സമീപത്തുള്ള നഗരത്തിലേക്കുള്ള ദൂരം 140 കിലോമീറ്റര്‍. ഇതില്‍ 120 കിലോമീറ്ററും സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടേറ്റ് ടോം നടന്നു. രാത്രിയിലാകട്ടെ താപനില 5 ഡിഗ്രിയിലേക്ക് കൂപ്പുകുത്തുന്നതോടെ അസഹനീയമായ തണുപ്പും. തിളയ്ക്കുന്ന മരുഭൂമിയേക്കാള്‍ പേടിച്ചത് രാത്രിയിലെ തണുപ്പിനെയായിരുന്നുവെന്ന് ടോം പറയുന്നു.
രണ്ട് ദിവസം നീണ്ട നടപ്പിന് ശേഷം രാത്രി 9 മണിയോടെ ഹൈവേയ്ക്ക് സമീപമെത്തിയെ ടോം നഗരത്തിലെത്താനായി നാല് വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും കനിഞ്ഞില്ല. ഒടുവിലെത്തിയ പൊലീസ് കാറാണ് ടോമിനെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചത്. 60 മണിക്കൂര്‍ നീണ്ട ദുരിതത്തിന് ശേഷവും ജീവിച്ചിരിക്കുന്നതിന് ടോം നന്ദി പറയുന്നത് ഡിസ്കവറി ചാനലിനോടാണ്. മുമ്പ് ചാനല്‍ സംപ്രേഷണം ചെയ്ത മരുഭൂമിയിലെ അതിജീവനത്തിനുള്ള തന്ത്രത്തെക്കുറിച്ചുള്ള പ്രോഗ്രാമില്‍ വിവരിച്ചിരുന്ന കാര്യങ്ങള്‍ കൃത്യസമയത്ത് തന്നെ ഓര്‍ത്തെടുക്കാനായതാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ടോം പറയുന്നു.