ചങ്ങനാശേരി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ജാതി സംവരണം അവസാനിപ്പിച്ച് എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയിലെ പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന എന്‍എസ്എസിന്റെ 2024-25-വര്‍ഷത്തെ ബജറ്റ് അവതരണപ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പില്‍ അടിയറ വയ്ക്കുകയും ചെയ്യുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പ്രീണനത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി തിരിച്ചുള്ള സെന്സസുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇത്തരം സമീപനം തുടര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും കണ്ടിട്ടില്ലാത്ത വര്‍ഗീയ നിലപാടുകളാണ് സമസ്തമേഖലയിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
157.55 കോടി രൂപ വരവും അത്രയുംതന്നെ ചെലവും വരുന്ന ബജറ്റാണ് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.