സ്ത്രീകള്‍ മാത്രമല്ല സിനിമയിലെ പുരുഷന്മാരും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിന് വിധേയരാവുന്നുണ്ടെന്ന് വെളിപ്പെടുത്തി യുവനടന്‍ നവജിത്ത് നാരായണന്‍ രംഗത്ത്. ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് നടന്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും നവജിത്ത് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
ഇത്തരത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ച സംവിധായകന് ഒരു താക്കീത് നല്‍കാനാണ് ഉദ്ദേശിച്ചതെന്നും നവജിത്ത് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബം തകര്‍ക്കാന്‍ ഉദ്ദേശമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും പോലീസിന് പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സുഹൃത്തുക്കളുള്‍പ്പെടെയുള്ളവര്‍ കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുവെങ്കിലും സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ആരും ഇതുവരെ ഇക്കാര്യത്തെകുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും നവജിത്ത് പറയുന്നു. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നവജിത്ത് ആമി എന്ന സിനിമയില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.
നവജിത്ത് എഴുതിയ കുറിപ്പ് വായിക്കാം…
”ഒരു തുറന്നെഴുത്താണിത്. ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു….
എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു പരിത്ഥിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല ? ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണന്‍ പോയി.
കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്‌ലാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട് Adjust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്.
അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു. നിനക്കൊരു character തന്നാല്‍ എനിക്കെന്താ ലാഭം എന്ന്. ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി. എനിക്ക് അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു കേടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി.
ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും. ഇതുപോലുള്ള തെമ്മാടികള്‍ക്കാരണമാണ് മാന്യമായി സിനിമയെക്കാണുന്നവരുടെ പേരുക്കൂടി നശിക്കുന്നത് …..ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം. അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു…”