സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ചിംഗിനെക്കുറിച്ച് പല നായികാനടിമാരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി സിനിമയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ സിനിമാ ലോകത്ത് ഉണ്ടെന്നാണ് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ തനിക്കും അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി നയൻതാര. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്താണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതെന്നാണ് നയൻതാര വെളിപ്പെടുത്തിയത്.
ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ ആ ആവശ്യം തള്ളാനുള്ള ആർജവം താൻ കാണിച്ചുവെന്ന് നടി പറഞ്ഞു.
തന്റെ കഴിവുകൊണ്ട് ലഭിക്കുന്ന വേഷങ്ങൾ മതിയെന്ന് താൻ അവർക്ക് മറുപടി നൽകിയെന്ന് നയൻതാര പറഞ്ഞു. അതേസമയം നയൻതാരയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
നയൻതാരയെ പോലൊരു താരത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ സിനിമയിൽ തുടക്കക്കാർ നേരിടുന്ന അവസ്ഥ എന്താകുമെന്നാണ് നടിയുടെ വെളിപ്പെടുത്തലുകളോട് പലരും പ്രതികരിക്കുന്നത്.
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നയൻതാര വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയത്.
ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് അവർ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
മക്കൾ പിറന്നതിന് പിന്നാലെ സിനിമയിൽ നിന്നു വിട്ട് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. അടുത്തിടെയാണ് വാടക ഗർഭപാത്രത്തിലൂടെ നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട ക്കുട്ടികൾ പിറന്നത്.