തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി.
സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൂക്ഷണം ചെയ്യുന്നവരിൽ നിർമാതാക്കളും പല പ്രധാന നടൻമാരുമുണ്ടെന്ന് പറയുന്നു. അവസരം കിട്ടാൻ നടികൾ പല വിട്ടു വീഴ്ചയ്ക്കും തയാറാകണം. അത്തരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവർ കോഡ് പേരുകൾ. കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്നാണ് അവർ അറിയപ്പെടുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം. അതിനെതിരേ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല.
ലൈംഗിക ചൂഷണത്തിനെതിരേ പരാതിപ്പെട്ടാൽ പരിണിതഫലം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. ഫീൽഡിൽ നിലനിൽക്കണമെങ്കിൽ നടിമാർ ചൂഷണത്തിന് വിധേയരാവുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവെന്നു റിപ്പോർട്ട്.
സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായി പലരും പരാതിപ്പെട്ടു. ഷൂട്ടിംഗ് സെറ്റിൽ ശുചിമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പലപ്പോഴും ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായ പ്രതികരണമാകും നേരിടുന്നതെന്ന് ചിലർ കമ്മിഷനോട് പരാതിപ്പെട്ടു.