കൊച്ചി: പള്ളുരുത്തി സ്വദേശിയായ സിഎ വിദ്യാര്‍ഥി ആദം ജോയുടെ തിരോധാനം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണല്‍ കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. 13 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.
എസ്പി റാങ്കില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കാന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് എറണാകുളം സിറ്റി പോലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാവാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആദം ജോയുടെ പിതാവ് കെ.ജെ. ആന്റണി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ജൂലൈ 27 നാണ് ആദം ജോയെ കാണാതായത്. കൊച്ചിന് ഷിപ്യാര്ഡ് വരെ സൈക്കിള്‍ ചവിട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി വീണ്ടും 19 ന് പരിഗണിക്കും.