ചാവക്കാട്: ബ്ളാങ്ങാട് പുലിയെ കണ്ടുവെന്ന അഭ്യൂഹത്തിന് വിരാമം. പുലിയല്ല, കാട്ടുപൂച്ച. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റോഡിന് അടുത്തുള്ള ചെറിയ കാവിൽ പുലിയിരിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടത്. ഡ്രൈവർ ബഹളം വച്ചതോടെ പുലി റോഡ് മുറിച്ച് കടന്ന് കിഴക്ക് ഭാഗത്തെ മറ്റൊരു കാവിൽ ഒളിച്ചു.
വിവരമറിഞ്ഞ് നാട്ടുകാരും പോലീസും എത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാദം കണ്ടതോടെ നാട്ടുകാർ ഭയപാടിലായി. വൈകീട്ട് പട്ടിക്കാട് റേഞ്ചിലെ പൊങ്ങണക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥരായ സജീവ്കുമാർ, വിനോദ്, കൃഷ്ണൻ എന്നിവർ എത്തി കാൽപാടുകളും പരിസരവും പരിശോധിച്ചപ്പോഴാണ് കോക്കാൻ പൂച്ചയെന്ന് നാട്ടിൽ പറയുന്ന കാട്ടുപൂച്ചയാണെന്ന് നിഗമനത്തിൽ എത്തിയത്.
കഴിക്കെ ബ്ലാങ്ങാട് പുലിയെ കണ്ടുവെന്ന വാർത്ത ഇവിടെ ഭീതിപരത്തിയിരുന്നു. രാത്രിയിൽ ശബ്ദം കേൾക്കാറുണ്ടെന്ന നാട്ടുകാരുടെ പ്രതികരണം കൂടി പരന്നതോടെ ജനം വിറച്ചു. വനംവകുപ്പ് എത്തിയപ്പോഴാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്. ബ്ലാങ്ങാട്, മാട്, മാട്ടുമ്മൽ എന്നിവിടങ്ങളിൽ പലയിടത്തും ഇപ്പോൾ കാട്ടുപൂച്ചയെ പതിവായി കാണുന്നുണ്ടത്രെ.