നായയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗത്തിന്റെ കടിയും കാറ്റഗറി 3 – Severe exposure – ആയി കരുതി ചികിത്സിക്കണം. കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ ഇവ പേ പരത്താറില്ല. മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാൽ മതി, പ്രതിരോധ മരുന്ന് ആവശ്യമില്ല.
കുത്തിവയ്പ് നിർബന്ധം
തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (Intra dermal rabies vaccine- IDRV) ആണ് ഇപ്പോൾ നൽകുന്നത്.
കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണ് കുത്തിവയ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവയ്പ്പുകൾ എടുക്കേണ്ടത്.
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞുകൂടാത്ത ഒരു നായ കടിച്ചാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നായയെ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക കുത്തിവയ്പുകൾ എടുത്തിട്ടുള്ള നായയാണെങ്കിലും അവയുടെ കടി കിട്ടിയാൽ കുത്തിവയ്പ്എടുക്കുന്നതാണ് ഉചിതം.
മുൻപ് മുഴുവൻ കുത്തിവയ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവയ്പ്പ് 0, 3 ദിവസങ്ങളിൽ എടുക്കണം. കുത്തിവയ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവയ്്പും എടുക്കാത്തവരും വീണ്ടും മുഴുവൻ കോഴ്സ് എടുക്കണം.
കുത്തിവയ്പ് എടുത്ത് ഒരു വർഷത്തിനകം കടി കിട്ടിയാൽ
പേവിഷബാധയ്ക്കെതിരെയുളള കുത്തിവയ്പുകൾ രണ്ടു തരത്തിലെടുക്കാവുന്നതാണ്. പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴ കുന്നവരും മുൻകൂറായി ഈ കുത്തിവയ്്പ് (Pre exposure Prophylaxis) എടുക്കുക 0, 7, 28 ദിവസങ്ങളിൽ 3 കുത്തിവയ്പ്പ് ആണ് എടുക്കേണ്ടത്.
ഈ കുത്തിവയ്പ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവയ്പ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം. കുത്തിവയ്പ്പ് എടുത്തിട്ട് ഒരു വർഷം വരെ ഉള്ള സമയത്ത് വീണ്ടും കടികിട്ടിയാല് കുത്തിവയ്പ് ആവശ്യമില്ല.
മൃഗങ്ങളിൽ നിന്ന അകലം പാലിക്കുക
2019-20 വർഷത്തിൽ 3 ലക്ഷത്തോളം പേരാണ് പേവിഷബാധ ചികിത്സയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ 50 ശതമാനത്തിലേറെപ്പേരും നായ കടിയേറ്റവരാണ്. നായകൾ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ പേടിപ്പിക്കുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താൽ കടിക്കാനുളള സാധ്യത കൂടുതലാണ്.
പ്രത്യേകിച്ച് മൃഗങ്ങൾ ഭക്ഷണം കഴിക്കുക, കൂടിനുള്ളിൽ അടയ്ക്കപ്പടുക, ഉറങ്ങുക, രോഗങ്ങൾ, കുഞ്ഞുങ്ങളുടെ സംരക്ഷണ വേളകൾ എന്നിങ്ങനെയുള്ള സമയങ്ങളിൽ ശല്യപ്പെടുത്തുന്നത് ആക്രമണ സ്വഭാവം കൂടാനിടയാക്കും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക.
അനവസരങ്ങളിൽ പാഞ്ഞെത്തുന്ന നായ്ക്കളുമായി നേർക്കുനേർ വരുന്ന സന്ദർഭങ്ങളിൽ അനങ്ങാതെ നിൽക്കുക, താഴെ വീണുപോയാൽ തലയും മുഖവും സംരക്ഷിക്കുന്ന വിധത്തിൽ ചുരുണ്ടു കിടക്കുക, മറ്റ് വീടുകളിലെ മൃഗങ്ങളെ തലോടുന്നതും സമീപിക്കുന്നതും ഉടമസ്ഥരുടെ സമ്മതത്തോടുകൂടി മാത്രം ചെയ്യുക.
മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സന്നദ്ധസംഘടനകൾ എന്നിവയുടെ ഏകോപനത്തിലൂടെ നായകൾക്ക് പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, തെരുവുനായ്ക്കളുടെ സംരക്ഷണം ഇവ ഉറപ്പാക്കാനും മൃഗങ്ങളുടെ കടിയുടെ തോത് കുറയ്ക്കാനും സാധിക്കും. പേവിഷബാധകൊണ്ടുള്ള മരണവും ഒഴിവാക്കാം.