ജോലിയ്ക്കിടെ ആര് ഉറങ്ങിയാലും അത് കുറ്റകരമാണ്. ഇവിടെ ജോലി സമയത്ത് ഉറങ്ങിയത് എഡ് എന്ന രണ്ടു വയസുകാരനായ പൂച്ചയാണ്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് സേനയിലെ ഒരു അംഗമാണ് എഡ്. ട്രൂപ്പ് ക്യാറ്റ് എന്ന പദവിയാണ് സേനയില്‍ എഡിനുള്ളത്. കൃത്യനിര്‍വഹണത്തിനിടയില്‍ അറിയാതെ ഒന്ന് ഉറങ്ങിപ്പോയ എഡിനെ ചതിച്ചത് സിസിടിവിയാണ്.
സേനയുടെ പര്‍പ്പിള്‍ ജാക്കറ്റ് ധരിച്ചാണ് എഡ് നടക്കുന്നത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാന മന്ദിരവും ചുറ്റുപാടും ഇവന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കണം എന്നാണു വയ്പ്പ്. ഏതെങ്കിലും ജനാലകളില്‍ ഒരു പക്ഷിയെങ്കിലും വന്നിരുന്നാല്‍ എഡിന്റെ ജോലി ആരംഭിക്കുകയായി. ഏതു ലെവലിലെത്തിയാലും പഴയശീലം അത്ര പെട്ടെന്ന് മറക്കുമോ? പണ്ട് മീന്തല തിന്നു വയറുനിറഞ്ഞതിനു ശേഷം ഒരു ഉറക്കം പതിവായിരുന്നു. ആ ഓര്‍മയില്‍ ഇവിടെയും അറിയാതെ ഒന്നു മയങ്ങി. എന്നാല്‍ ഇവിടെ സിസിടിവി ഉണ്ടെന്നു കക്ഷി ഓര്‍ത്തില്ല. എഡ് കൂര്‍ക്കം വലിച്ചുറങ്ങുന്നതും അടുത്തുകൂടി എലികള്‍ തലങ്ങും വിലങ്ങും പായുന്നതുമെല്ലാം കണ്ടില്ലെന്നു നടിക്കാന്‍ കാമറയ്ക്കായില്ല.
ന്യൂസൗത്ത് വെയില്‍സ് പോലീസ് സേനയുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വീഡിയോ പിടിക്കുമ്പോള്‍ അവിടെയുള്ള ട്രാക്ടറിന്റെ സീറ്റില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു എഡ്. തൊട്ടടുത്ത വൈക്കോല്‍തുറുവില്‍ എലികള്‍ അര്‍മാദിക്കുന്നതും കാണാമായിരുന്നു. എന്നിരുന്നാലും എഡ് നന്നായി ജോലി നോക്കുന്നുണ്ടെന്നും ഒരു അബദ്ധം പറ്റിയതാണെന്നു കരുതി ഇത്തവണ മാപ്പു കൊടുക്കാമെന്നുമുള്ള നിലപാടാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്.