തൊടുപുഴ: പച്ച മീൻ തിന്ന് പൂച്ചകൾ ചത്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ വിവിധ വകുപ്പുകളോടൊപ്പം പോലീസ് അന്വേഷണമാരംഭിച്ചു. മീൻ വിൽപ്പന നടത്തിയയാളെ ഇതു വരെ കണ്ടെത്താനായില്ല. അറക്കുളം മൈലാടിയിൽ വിഴുക്കപ്പാറ ഷാജിയുടെ വീട്ടിൽ പാചകം ചെയ്യാനായി വാങ്ങിയ മീൻ തിന്നാണ് 14 പൂച്ചകൾ ചത്തത്. മീനിന്റെ തല തിന്ന പൂച്ചകൾ ഒന്നിനു പിന്നാലെ ഒന്നായി ചത്തു വീഴുകയായിരുന്നു.
16 പൂച്ചകളിൽ രണ്ടെണ്ണം അവശ നിലയിലായി. സംഭവം അറിഞ്ഞ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം റവന്യു, മൃഗസംരക്ഷണം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചത്ത പൂച്ചകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത് കാക്കനാട് കെമിക്കൽ ലാബിലയച്ചതിനു ശേഷം പരിശോധന ഫലം ലഭിച്ചാലെ പൂച്ചകൾ ചത്തതിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. കളക്ടറുടെ നിർദ്ദേശ പ്രകാരം സംഭവത്തിൽ സംയുക്ത പരിശോധന തുടരുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ രാജകുമാരി കജനാപ്പാറയിൽ മീൻ തിന്ന് പൂച്ചകൾ ചത്ത സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
പതിവായി ഇവരുടെ വീട്ടിൽ മൽസ്യം നൽകാറുള്ള കച്ചവടക്കാരനായിരുന്നില്ല അന്ന് മീൻ നൽകിയതെന്നാണ് വീട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇവരോടൊപ്പം അയൽവാസിയും മീൻ വാങ്ങിയിരുന്നു. എന്നാൽ മൽസ്യം നൽകിയ കച്ചവടക്കാരനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിനു മുൻപോ ശേഷമോ ഇയാളെ കണ്ടിട്ടില്ലായെന്നാണ് വീട്ടുകാർ പറയുന്നത്. പെട്ടി ഓട്ടോയിൽ കച്ചവടം നടത്തുന്നയാളാണെന്നു സൂചന ലഭിച്ചതായി കാഞ്ഞാർ പോലീസ് പറഞ്ഞു. മീൻ കറി വച്ച് കഴിച്ച ഷാജിക്കും കുടുംബാംഗങ്ങൾക്കും ശരീരികമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
ഷാജി ഇന്നലെ കാഞ്ഞാർ പോലീസിലും ഇതു സംബന്ധിച്ച് പരാതി നൽകി. പൂച്ചയുടെ ജീർണിച്ചു തുടങ്ങിയ ജഡമാണ് കഴിഞ്ഞ ദിവസം വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയത്. പ്രാഥമിക പരിശോധനയിൽ പൂച്ചയുടെ ഉള്ളിൽ വിഷാംശം ചെന്നതായി വ്യക്തമായിട്ടില്ലെന്ന് മൃഗസംരക്ഷണ അധികൃതർ സൂചിപ്പിച്ചു. എങ്കിലും പൂച്ചകൾ കൂട്ടത്തോടെ ചാകാനിടയായതിനാൽ വിശദമായ പരിശോധന വേണ്ടി വ
സംഭവത്തിൽ പോലീസ് കേസു കൂടി എടുത്തതിനാൽ കാക്കനാട് ഫോറൻസിക് ലാബിൽ നിന്നും വേഗത്തിൽ തന്നെ പരിശോധന ഫലം ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവം പരിഭ്രാന്തി പരത്തിയതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പച്ചമീൻ സ്റ്റാളുകളിലും വാഹനങ്ങളിൽ നടത്തുന്ന വിൽപ്പന നടത്തുന്നവരുടെ പക്കലും പരിശോധന ശക്തമാക്കിയതായി അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ മധുസൂദനൻ നായർ അറിയിച്ചു. കഴിഞ്ഞ മാസം ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നാലു സ്ഥലങ്ങളിൽ നിന്നും സാന്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കയച്ചിരുന്നു. ഇതു വരെയും ഇതിന്റെ പരിശോധന ഫലം പുറത്തു വന്നിട്ടില്ല.
കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധന ഫലങ്ങൾ പുറത്തു വരാൻ വൈകുന്നതിനാൽ പിന്നീടുള്ള തുടരന്വേഷണം മന്ദീഭവിക്കുകയാണ് പതിവ്.പച്ചമീൻ കേടാകാതിരിക്കാൻ ഇതിൽ അമോണിയ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിക്കുന്നുവെന്ന് മുൻപേ തന്നെ പരാതിയുയർന്നിരുന്നു.
വണ്ണപ്പുറത്ത് മൽസ്യസ്റ്റാളിൽ വിൽപ്പനക്കു വച്ചിരിക്കുന്ന പച്ചമീനിൽ കീടനാശിനി തളിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കേസെടുത്തിരുന്നു. പിന്നീട് പിഴയടപ്പിക്കുന്നതോടെ ഇത്തരം കേസുകൾ അവസാനിക്കുകയാണ് പതിവ്.