തലശേരി: കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയ സംഭവങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടി തൂക്കുകയും ചെയ്യുന്നത് സംഘര്‍ഷ മേഖലകളില്‍ പതിവായിരുന്നു.
എന്നാല്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പിണറായിയില്‍ രണ്ട് ദിവസങ്ങളിലായി കാലുകള്‍ വെട്ടി നീക്കിയ നിലയിലും തല വെട്ടി മാറ്റിയ നിലയിലും പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്നതിന് നാനൂറു മീറ്റര്‍ അകലയാണ് ദുരൂഹതയുയർത്തിയ തരത്തില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.
24 മണിക്കൂറും പോലീസ് നിരീക്ഷണമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുള്ളത്. 30 ന് പിണറായിയില്‍ പോലീസ് സ്റ്റേഷന് നിലവില്‍ വരാനിരിക്കെ നിര്‍ദ്ദിഷ്ട പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തായി ദുരൂഹതയുയര്‍ത്തി കൊണ്ട് പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
പിണറായി ഓലയമ്പലം പെട്രോള്‍ പമ്പിന് സമീപത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ നാല് കാലുകള്‍ വെട്ടി മാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തായിട്ടാണ് ഇന്നലെ രാവിലെ രണ്ട് കാലുകള്‍ക്കും തലയ്ക്കും വെട്ടേറ്റ നിലയിലും പൂച്ചയുടെ ജഡം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ധര്‍മ്മടം പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. മുമ്പ് പിണറായി പ്രദേശത്ത് വെട്ടേറ്റ പരിക്കുകളോടെ നായ്ക്കളെ കണ്ടെത്തിയിരുന്നു.
നായ്ക്കള്‍ക്ക് വെട്ടേറ്റ സംഭവം ക്രിമിനല്‍ സംഘങ്ങളുടെ ആയുധ പരിശീലനമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.