കോട്ടയം: വൈക്കത്ത് വളർത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ രമേശിന്റെ എയർ ഗണ്ണിൽനിന്നു വെടിയേറ്റത്. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോട്ടയം മൃഗാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വെടിവയ്പ്പിൽ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ പൂച്ച ചത്തത്.
ഇതിനുമുന്പും അയൽവാസിയിൽനിന്ന് സമാന സംഭവങ്ങൾ പലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും പല മൃഗങ്ങൾക്കും ഇത്തരത്തിൽ വെടിയേറ്റിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം വൈക്കം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.