ഇത് ദുബായിലെ പൂച്ചയല്ല, കൊച്ചിയിലെ പൂച്ച, ഇവളും ഗര്‍ഭിണിയായിരുന്നു..! ഒ​രു മാ​സ​മാ​യി ആള്‍ത്താമസില്ലാത്ത കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യിട്ട്‌; ഒടുവില്‍ രക്ഷകയായത്…

സ്വന്തം ലേഖിക

കൊച്ചി: ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ മലയാളികള്‍ സാഹസികമായി രക്ഷിച്ചതും അവര്‍ക്ക് യുഎഇ സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കിയതും അടുത്തിടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.

എന്നാല്‍ ഇവിടെ പോലീസ് തലപ്പത്ത് ഉള്ളവര്‍ മൃഗസ്‌നേഹിയായ കാഴ്ചയാണ് ഫോര്‍ട്ടുകൊച്ചിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്.

ഡിജിപിയും ഫയര്‍ഫോഴ്‌സ് കമാന്‍ണ്ടന്റുമായ ഡോ.ബി. സന്ധ്യയാണ് ആ മൃഗസ്‌നേഹി.

ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ആള്‍ത്താമസില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയിലാണ് ഗര്‍ഭിണിയായ പൂച്ച ഒരു മാസമായി കുടുങ്ങിക്കിടന്നത്.

സമീപവാസിയായ സക്കീര്‍ റൊസാരിയോ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണവും വെളളവുമായിരുന്നു അതിന്റെ ആശ്രയം.

കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ കയറി പൂച്ചയെ രക്ഷിക്കുക സാഹസമായിരുന്നു. അതിനാല്‍, സക്കീര്‍ ഫോര്‍ട്ടുകൊച്ചി പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

പോലീസിന് അതിനുള്ള സജീകരണങ്ങള്‍ ഇല്ലെന്നു ഫോര്‍ട്ടുകൊച്ചി സിഐ മനുരാജ് അറിയിച്ചിരുന്നു.

തുടര്‍ന്നാണ് സക്കീര്‍ ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന, നിലവില്‍ കളമശേരി സ്‌റ്റേഷനിലെ പോലീസുകാരനായ പി.എസ് രഘുവിനെ വിവരം അറിയിച്ചത്.

അദ്ദേഹം രാത്രി തന്നെ ഈ വിവരം ഡിജിപി ഡോ.ബി. സന്ധ്യയെ അറിയിക്കുകയായിരുന്നു.

ഡിജിപി സന്ധ്യയുടെ ഇടപെടലിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അര്‍ധരാത്രി തന്നെ എത്തി.

ജീര്‍ണിച്ച കെട്ടിടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

മട്ടാഞ്ചേരി ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍് രണ്ടുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പൂച്ചയെ സുരക്ഷിതമായി താഴെ ഇറക്കിയത്.

Related posts

Leave a Comment