മനുഷ്യരുമായി വേഗത്തിലിണങ്ങുന്ന മൃഗങ്ങളാണ് പൂച്ചകൾ. അതിനാൽ തന്നെ പലരും പൂച്ചകളെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ അത്തരത്തിൽ വളർത്തിയ പൂച്ചയുടെ ഒറ്റ അശ്രദ്ധമൂലം ഒരു വീട് മുഴുവൻ കത്തി നശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ചൈനയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇൻഡക്ഷൻ കുക്കർ പൂച്ചയുടെ കാൽതട്ടി ഓണായി. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. ദണ്ഡൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് കത്തിനശിച്ചത്.
ഇവരുടെ വളർത്തു പൂച്ചയായ ജിങ്കൗഡിയോ മാത്രമേ സംഭവം നടക്കുന്ന സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്നുളളു. ഇന്‍ഡക്ഷൻ കുക്കർ അധിക സമയം ഓണായി ഇരുന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ദണ്ഡൻ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ജിങ്കൗഡിയോയുടെ കാൽ തട്ടി ഇൻഡക്ഷൻ ഓൺ ആയതെന്ന് മനസിലായത്.
ജിൻഗൗഡിയാവോ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടയിൽ പൂച്ചയുടെ കാല് തട്ടി അബദ്ധത്തിൽ ഇൻഡക്ഷന്റെ സ്വിച്ച് ഓൺ ആവുകയായിരുന്നു. തുടർന്നാണ് അപകടം ഉണ്ടായത്. ദണ്ഡൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. തീപിടുത്തതിൽ 1,00,000 യുവാൻ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്.