വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലാഗെർഫെൽഡിന്റെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് ഫാഷൻ ലോകം കേട്ടിട്ടുള്ളത്. ഫാഷൻ വിസ്മയങ്ങളിലൂടെ ഏറെ തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളയാളാണ് ലാഗെർഫെൽഡ്.
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മരണശേഷം വാർത്താ താരമായിരിക്കുന്നത് അദ്ദേഹത്തിന്റെ പൊന്നോമനയായിരുന്ന വളർത്തു പൂച്ച ചൗപെറ്റേയാണ്. ലാഗെർഫെൽഡിന്റെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുക്കളുടെ അവകാശികളിൽ ഒരാളാണ് ഈ എട്ടുവയസുകാരി വെള്ളപ്പൂച്ച.
2011 ലെ ക്രിസ്മസ് ദിനത്തിലാണ് കാൾ ചൗപെറ്റെയെ വാങ്ങുന്നത്. അന്നുമുതൽ പിരിക്കാനാകാത്ത വിധം അടുപ്പത്തിലായിരുന്നു ഇരുവരും. ചൗപെറ്റെയെ വിവാഹം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ വിവാഹം കഴിച്ചേനെയെന്ന് ലാഗെർഫെൽഡ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചൗപെറ്റെ ആള് നിസാരക്കാരിയല്ല. ഇൻസ്റ്റഗ്രാമിൽ ഈ പൂച്ച സുന്ദരിക്ക് 1,31,000 ഫോളോവേഴ്സുണ്ട്. മനുഷ്യർക്ക് പോലും സ്വപ്നം കാണാവുന്നതിലപ്പുറമുള്ള ആഢംബര ജീവിതമാണ് ഈ പൂച്ചയുടേത്. എപ്പോഴും കൂടെ രണ്ടു പരിചാരികമാർ, ഒരു അംഗരക്ഷൻ പിന്നെ ഒരു സ്വകാര്യ ഡോക്ടറും- ഇങ്ങനെ പോകുന്നു ചൗപെറ്റെയുടെ സ്വകാര്യ ജീവനക്കാരുടെ ലിസ്റ്റ്.
മൂന്നു വെള്ളിപ്പാത്രങ്ങളുണ്ട് ചൗപെറ്റേയ്ക്ക്. ഭക്ഷണ സമയമാകുന്പോൾ ഇവ മൂന്നിലും മൂന്നുതരത്തിലുള്ള ഭക്ഷണങ്ങൾ പരിചാരികമാർ മുന്നിലെത്തിക്കും. അതിൽനിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് കഴിക്കാം. ലാഗെർഫെൽഡിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റിൽ ലോകത്തിന്റെ പല ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട് ചൗപെറ്റെ.
2015ൽ രണ്ടു പരസ്യങ്ങളിൽ അഭിനയിച്ചതിന് ചൗപെറ്റെയ്ക്ക് ലഭിച്ച പ്രതിഫലം 30 ലക്ഷം അമേരിക്കൻ ഡോളറായിരുന്നു. വിവാഹം കഴിച്ചിട്ടില്ലാത്ത ലാഗെർഫെൽഡിന്റെ സ്വത്തിന്റെ എത്രഭാഗം ചൗപെറ്റെയ്ക്ക് നൽകിയിട്ടുണ്ട് എന്നതിനെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.