വളരേ പ്രതീക്ഷയോടെ കല്യാണ ജീവിതത്തിലേക്ക് കടക്കുന്നവരാകും എല്ലാവരും. എന്നാൽ പ്രതീക്ഷയ്ക്ക് വിഭിന്നമായി തങ്ങളുടെ പങ്കാളി പെരുമാറിയാൽ ഉണ്ടാകാവുന്ന മാനസികാവസ്ഥയെ കുറിച്ച് ഓർക്കാൻ കൂടി സാധിക്കില്ല ആർക്കും. തന്റെ ഭാര്യയേക്കാൾ പൂച്ചകളെ സ്നേഹിക്കുന്ന ഭർത്താവിനെതിരേ പരാതിയുമായി വന്ന ഭാര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച.
പൂച്ചയെ ചൊല്ലി ദിവസവും ഇരുവരും തമ്മിൽ വീട്ടിൽ ബഹളം ഉണ്ടാകാറുണ്ട്. ഭർത്താവ് തന്നേക്കാൾ കൂടുതൽ പൂച്ചയെ ആണ് സ്നേഹിക്കുന്നതും താലോലിക്കുന്നും. ഇത് ഭാര്യയെ വല്ലാതെ തളർത്തി. പൂച്ചയാകട്ടെ ഭാര്യയെ മൂന്ന് നാല് തവണ മാന്തുകയും ചെയ്തിട്ടുണ്ട്. അതോടെ അവർക്ക് ദേഷ്യം ഇരട്ടിയായി.
അതോടെ ഭർത്താവിനെതിരേ കേസ് കൊടുക്കാൻ തയാറാവുകയായിരുന്നു യുവതി. പരാതിയിൻമേൽ ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയത്. എന്നാൽ, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങൾക്ക് കാരണം, പകരം പൂച്ചയെ ചൊല്ലിയുള്ള തർക്കമാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്ക് കാരണം എന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.
യുവതിയുടെ പരാതി മേൽപ്പറഞ്ഞ ഐപിസി സെക്ഷൻ പരിധിയിൽ വരുന്നതല്ലന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. വീട്ടിലുണ്ടാകുന്ന ഇത്തരത്തിലുള്ള ചെറിയ പിണക്കങ്ങളും വഴക്കുകളുമൊക്കെ വലിയ പ്രശ്നങ്ങളായി കണ്ട് കോടതിയെ സമീപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് കോടതി നിരീക്ഷിച്ചു.