കണ്ണൂർ: ജില്ലാ ആശുപത്രിയി വാർഡുകളിൽക്കൂടി നടക്കുന്നവർ സൂക്ഷിക്കുക. നിങ്ങൾക്ക് പൂച്ചയുടെ കടിയേൽക്കാൻ സാധ്യതയുണ്ട്. രോഗികളായാലും കൂട്ടിരിക്കുന്നവരായാലും നഴ്സായാലും പൂച്ചയ്ക്ക് പ്രശ്നമില്ല. ചാടിക്കടിക്കും. കഴിഞ്ഞദിവസം എഫ്എം-2 വാർഡിൽ നഴ്സിനെ പൂച്ച ചാടിക്കടിച്ചു.
അവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നുരാവിലെ കൂട്ടിരിക്കാൻ എത്തിയ ഇതരസംസ്ഥാന തൊഴിലാളിക്കും പൂച്ചയുടെ അക്രമം നേരിടേണ്ടിവന്നു. രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾക്ക് പൂച്ചയുടെ കടിയേറ്റ് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.
വിവിധ വാർഡുകളിലായി 12 ഓളം പൂച്ചകൾ വിലസുന്നുണ്ട്. വാർഡുകളിലെ രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പൂച്ചകൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. എത്രതവണ ആട്ടിയോടിച്ചാലും പൂച്ചകൾ വാർഡ് വിട്ട് പോകുന്നില്ലെന്നാണു കിടപ്പുരോഗികൾ പറയുന്നത്. എന്തായാലും പൂച്ചപ്പേടിയിലാണ് വാർഡുകളിലെ രോഗികൾ.