തെരുവുപൂച്ചകളെ കൂട്ടമായി നശിപ്പിക്കുവാനൊരുങ്ങി ഓസ്ട്രേലിയ. 20 ലക്ഷം പൂച്ചകളെ കൊല്ലുവാൻ ആണ് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൂച്ചകള് ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന് സര്ക്കാര് ഒരുങ്ങുന്നത്.
സർക്കാർ കണക്കുകൾ അനുസരിച്ച് ഇവിടെ ഏകദേശം 60 ലക്ഷത്തോളം തെരുവ് പൂച്ചകൾ ഉണ്ട്. പക്ഷികളേയും ഉരഗവര്ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള് ഇരകളാക്കുന്നതിനെ തുടര്ന്ന് അവയുടെ എണ്ണത്തില് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്ഡ് റാബിറ്റ് റാറ്റ്, ഗോള്ഡന് ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില് മറ്റ് ചെറുജീവജാലങ്ങള് നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കങ്കാരു, കോഴി എന്നിവയുടെ മാംസം പാകം ചെയ്ത് വിഷം കലർത്തി വിമാനത്തിൽ പൂച്ചകൾ സഞ്ചരിക്കുന്ന വഴിയിൽ കൊണ്ടിടുവാനാണ് പദ്ധതി. ഈ ഭക്ഷണം കഴിക്കുന്ന പൂച്ചകൾ പതിനഞ്ച് മിനിട്ടിനുള്ളിൽ മരണപ്പെടും.
2015ലാണ് ഇത്തരം പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ ആദ്യമായി രംഗത്തെത്തിയത്. അന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പൂച്ചകളെയാണ് കൊന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ പരിസ്ഥിതിവാദികൾ രംഗത്തെത്തിയട്ടുണ്ട്.