എലിയെ തുരത്താന്‍ ഫ്‌ളോറേനാ ദ്വീപില്‍ പൂച്ചകളെ എത്തിച്ചു ! ദ്വീപിലെത്തിയപ്പോള്‍ പൂച്ചകളും എലികളും ഭായ്-ഭായ്; ഇപ്പോഴത്തെ ആശങ്ക എങ്ങനെ പൂച്ചകളെ തുരത്തും എന്നത്…

ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനകളുമെല്ലാം. ഒരു ജീവിയെയും അനാവശ്യമായി കൊല്ലാന്‍ അവര്‍ തീരുമാനമെടുക്കുകയില്ല. എന്നാല്‍ ഗാലപ്പോസ് ദ്വീപസമൂഹത്തിലെ ഫ്‌ളൊറേനാ ദ്വീപിലെ പൂച്ചകളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇപ്പോള്‍ കാര്യമായി ആലോചിക്കുന്നത്.

ഈ ദ്വീപില്‍ പെറ്റുപെരുകിയ എലികളെ തുരത്താനായാണ് ഇവിടേക്ക് പൂച്ചകളെ എത്തിച്ചത്. എന്നാല്‍ ഇവിടെയെത്തിയതോടെ പൂച്ചകളുടെ സ്വഭാവം മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇവിടെയെത്തിയതോടെ പൂച്ചകള്‍ നോക്കിയപ്പോള്‍ എലികളെ പിടിക്കുന്നതിനേക്കാള്‍ എളുപ്പം ദ്വീപിലുള്ള പക്ഷികളുടെ മുട്ടകളും മറ്റും തട്ടിയെടുക്കുന്നതാണെന്നു മനസ്സിലായി. ഇതോടെ പൂച്ചകളും എലികളും ഈ ദ്വപിലെ മറ്റു ജീവികള്‍ക്ക് ഒരുപോലെ ശല്യമായി മാറി.

170 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇവിടേക്ക് എലികള്‍ എത്തിയതോടെയാണ് പ്രാദേശികമായി കാണപ്പെടുന്ന പല ജീവികള്‍ക്കും വംശനാശം സംഭവിച്ചത്. ഇതേത്തുടര്‍ന്നാണ് ചിലര്‍ എലികളെ തുരത്താന്‍ പൂച്ചകളെ ദ്വീപിലെത്തിച്ചത്. എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയായി അത്.

ഈ ദ്വീപില്‍ മാത്രം കാണുന്ന ഫ്‌ളോറേനാ മോക്കിംഗ് ബേഡ് ഉള്‍പ്പെടെയുള്ള പക്ഷികളുടെ മുട്ടകളും ആമകളുടെ മുട്ടകളും ചില ഇഴജന്തുക്കളും പൂച്ചകളുടെ ഇഷ്ടഭക്ഷണമായി മാറി. എലികളും പൂച്ചകളും മുട്ടകള്‍ തിന്നാന്‍ തുടങ്ങിയതോടെ ഇതിനോടകം നിരവധി ജീവികള്‍ക്ക് വംശനാശ ഭീഷണിയും നേരിട്ടു. ഇതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തില്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയത്.

പൂച്ചകളും എലികളും മാത്രമല്ല ആട്,പന്നി എന്നിവയുടെ അധിനിവേശവും ജൈവഘടനയെ തച്ചുതകര്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.എലിയും പൂച്ചയും മറ്റു ജീവികളെ കൊന്നൊടുക്കുമ്പോള്‍ പുല്‍മേടുകള്‍ ഇല്ലാതാക്കിയും രോഗങ്ങള്‍ പരത്തിയുമാണ് ആടുകളും പന്നികളും ഭീഷണിയാകുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കു സമീപമുള്ള ഗൗ ദ്വീപ്, ചിലിയിലെ അലജാന്‍ഡ്രോ സെല്‍ക്രിക്ക്തുടങ്ങിയ നിരവധി ദ്വീപുകള്‍ അധിനിവേശ ജീവികളില്‍ നിന്നു സമാനമായ ഭീഷണി നേരിടുന്നവയാണ്. എലികളും പൂച്ചകളുമാണ് മിക്ക ദ്വീപുകളിലെയും വില്ലന്‍മാര്‍. ചിലയിടങ്ങളില്‍ ആടും പ്രശ്‌നക്കാരാകാറുണ്ട്.

 

Related posts