മട്ടണ്‍ ബിരിയാണി എന്നു പറഞ്ഞ് കൊടുക്കുന്നത് ‘പൂച്ചബിരിയാണി’ ! ഒട്ടേറെ വീടുകളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കാണാതായ അന്വേഷണം ചെന്നെത്തിയത് ചെന്നൈയിലെ തട്ടുകടകളില്‍…

ബീഫ് എന്നു പറഞ്ഞ് ഹോട്ടലുകളില്‍ പട്ടിയിറച്ചി കൊടുക്കുന്നതായി മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴതാ മട്ടണ്‍ എന്ന പേരില്‍ പൂച്ചയിറച്ചി ചെന്നൈയിലെ തട്ടുകടകളില്‍ സുലഭമായതായി വിവരം. ഒട്ടനവധി വീടുകളിലെ പൂച്ചകളെ ഒരേസമയം കാണാതായതിനെത്തുടര്‍ന്നാണ് പൂച്ചകളെ നഷ്ടപ്പെട്ട വീട്ടുകാര്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) എന്ന സംഘടനയെ സമീപിച്ചത്. എല്ലാവരും ചേര്‍ന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതിയും നല്‍കി. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘ പൂച്ചക്കള്ളന്മാരെ’ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചത്.

അന്വേഷണ സംഘം രണ്ടു മാസം കൊണ്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ‘നരികൊറവ’ വിഭാഗത്തില്‍പ്പെട്ട നാടോടികളാണ് പൂച്ചകളെ പിടികൂടിയിരുന്നത്. നഗരത്തില്‍ പലയിടത്തായി തമ്പടിച്ച ഇവരില്‍ നിന്ന് നാല്‍പതോളം പൂച്ചകളെയും കണ്ടെത്തി. പൂച്ചകളെ എന്തു ചെയ്യാനാണെന്ന പോലീസിന്റെ ചോദ്യത്തിന് ചെന്നൈയിലെ റോഡരികിലുള്ള ചെറിയ തട്ടുകടകള്‍ക്കു വില്‍ക്കാനാണ് എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചത്.

തട്ടുകടകളില്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മട്ടണ്‍ ബിരിയാണിയില്‍ ആട്ടിറച്ചിക്കു പകരം പൂച്ചയിറച്ചിയാണ് ചേര്‍ക്കുന്നത്. ബാറുകളോടും മദ്യവില്‍പന ശാലകളോടും ചേര്‍ന്നുള്ള തട്ടുകടകളിലായിരുന്നു ഈ ‘പൂച്ചബിരിയാണി’ വില്‍പന. കഴിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യത്തിലാണ് മദ്യവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ചുള്ള വില്‍പന. സംഭവത്തെത്തുടര്‍ന്ന് ചെന്നൈ കോര്‍പറേഷനും പിഎഫ്എ പരാതി നല്‍കിക്കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സംഭവത്തില്‍ അടിയന്തര നടപടിക്കും അന്വേഷണം ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. കഴിഞ്ഞ 20 വര്‍ഷമായി നാടോടികള്‍ ഇത്തരത്തില്‍ തട്ടുകടക്കാര്‍ക്കു പൂച്ചയിറച്ചി വില്‍ക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി.

രാത്രിയിലാണ് ഇവര്‍ കയറില്‍ കുരുക്കിയും വലയിട്ടും പൂച്ചയെ പിടിക്കുന്നത്. പിന്നീട് ഇവയെ കൂട്ടത്തോടെ ചൂടുവെള്ളത്തിലിട്ട് കൊല്ലും. തൊലിയുരിച്ച് വില്‍പനയും നടത്തും. വിവാഹം പോലുള്ള ആഘോഷത്തിനിടയിലും ഈ നാടോടി വിഭാഗക്കാര്‍ പൂച്ചയിറച്ചി വിളമ്പാറുണ്ട്. സന്ധിവാതത്തിന് പൂച്ചയിറച്ചി മികച്ച ഔഷധമാണെന്ന അന്ധവിശ്വാസത്തെത്തുടര്‍ന്ന് സാധാരണക്കാരും ഇതു വാങ്ങുന്നു. പിടിച്ചെടുത്ത 40 പൂച്ചകളും നിലവില്‍ പിഎഫ്എയുടെ റെഡ് ഹില്‍സിലെ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ‘നരികൊറവ’ വിഭാഗക്കാരുടെ പുനരധിവാസത്തിനു നടപടി കൈക്കൊള്ളണമെന്നും മൃഗസ്‌നേഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലാതെ നഗരത്തിലെ പൂച്ചയിറച്ചി വില്‍പന തടയാനാവില്ലെന്നും പിഎഫ്എ ചൈന്നൈ ഘടകം വ്യക്തമാക്കുന്നു.

Related posts