കാഞ്ഞിരപ്പള്ളി: നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ “കുഞ്ഞുകുട്ടനെ’ തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ എറണാകുളം സ്വദേശിയായ ഡെയ്സി ജോസഫ്.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഡെയ്സിക്ക് തന്റെ കുഞ്ഞുകുട്ടനെന്ന വളര്‍ത്തു പൂച്ചയെ ഇപ്പോള്‍ തിരികെ ലഭിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തില്‍ മീറ്റ് ആൻഡ് ചിക്കന്‍ സെന്റര്‍ ഉടമ ജോമോനാണ് തന്റെ കടയിലെത്തിയ പൂച്ചയെ കെണിവച്ച് പിടിച്ച് ഡെയ്സിക്ക് കൈമാറിയത്.
കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ഇവിടെയെത്തി പൂച്ചയെ കൈമാറുകയായിരുന്നു.
തുടര്‍ന്ന് താന്‍ പ്രഖ്യാപിച്ച പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്സി ഇവര്‍ക്ക് നല്കി.പൂച്ചയെ തിരികെ ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഡെയ്സി പറഞ്ഞു.
എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്സി ആയുര്‍വേദ ചികിത്സയ്ക്കായാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. ഫ്ളാറ്റിലെ തന്റെ സന്തത സഹചാരിയായ കുഞ്ഞുകുട്ടനെയും ഇവര്‍ ഒപ്പം കൂട്ടുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍വച്ച് ഒരു ദിവസം കുഞ്ഞുകുട്ടനെ കാണാതായി. തുടര്‍ന്നാണ് തന്റെ വളര്‍ത്തു പൂച്ചയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇവര്‍ വഴിയിലുടനീളം പോസ്റ്റര്‍ പതിച്ചതു മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തിരികെ കിട്ടിയ കുഞ്ഞുകുട്ടനുമായി എറണാകുളത്തേക്കു യാത്ര തിരിക്കാനൊരുങ്ങുകയാണ് ഡെയ്സി.