ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ ! ലാറി ഔദ്യോഗിക പദവി വഹിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി…

കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രികള്‍ പലരും മാറിയെങ്കിലും ലാറിയ്ക്കു മാത്രം യാതൊരു മാറ്റവുമില്ല.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ ലാറി ചുമതലയേറ്റിട്ട് ഇന്നലെ 10 വര്‍ഷം തികഞ്ഞു.

ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ലാറി റിക്രൂട്ട് ചെയ്യപ്പെട്ടത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും.

വീരശൂര പരാക്രമത്തില്‍ റാങ്ക്ലിസ്റ്റില്‍ മുന്‍പന്തിയിലെത്തിയ ലാറി ഇന്ന് പഴയ പുള്ളിയല്ല. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴും ലാറി ഔദ്യോഗിക ജീവിതത്തില്‍ തുടര്‍ന്നു.

എ ടു സെഡ് കാര്യങ്ങളും നോക്കുന്നുണ്ട് ലാറി. അതിഥികളെ വരവേല്‍ക്കുന്നതു മുതല്‍ വസതിയിലെ എലികളുടെ വിളയാട്ടം വരെ കൃത്യമായി നിരീക്ഷിക്കും. സുരക്ഷാ പ്രതിരോധരംഗത്ത് പൂച്ചയല്ല, പുലിയാണ് ലാറി.

ലാറിയുടെ ഉടമസ്ഥത സംബന്ധിച്ചും പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും പുള്ളിയെ ബാധിച്ചിട്ടുമില്ല. 2007ല്‍ ജനിച്ച ലാറി 2011ലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എത്രയെത്ര വിശ്വവിഖ്യാതമായ എലിപിടുത്തങ്ങള്‍.

2011 ഏപ്രില്‍ 22നാണ് ആദ്യമായി എലിയെ പിടിക്കുന്നത്. പിന്നെ തുടര്‍ന്നങ്ങോട്ട് പ്രധാനമന്ത്രിയുടെ വസതിയിലെ മാത്രമല്ല, പൊതുജനങ്ങളെ ഉപദ്രവിക്കുന്ന എലികളെയും പിടികൂടിയിട്ടുണ്ട്.

ഡേവിഡ് കാമറൂണ്‍ തന്റെ പ്രധാനമന്ത്രി പദത്തിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ലാറി ഒരു പേഴ്‌സണ്‍ സ്റ്റാഫല്ല, സിവില്‍ സെര്‍വന്റ് ആണെന്ന്.

അതോടെ പിന്നെ ലാറിയെ പിടിച്ചാല്‍ കിട്ടാതെയായി. പ്രധാനമന്ത്രിയും ഭരണകൂടവും മാറിയപ്പോഴും 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ എന്ന പദവിയില്‍ ലാറി തുടര്‍ന്നു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ എലി പിടിത്തക്കാരന് ട്വിറ്ററില്‍ ആശംസകളുടെ ബഹളമാണ്.

Related posts

Leave a Comment