കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന നാല് പേര്ഷ്യന്പൂച്ചകളും മൂന്നു ബൈക്കുകളും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍.
ഇതില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ട പന്തളം നെടുമ്പോയിക്കോത്ത് ജസ്റ്റിന് (24), പന്തളം കിഴക്കേ ഇടവട്ടം ഗിരീഷ് (23), പന്തളം അടൂര്‍ സ്വദേശികളായ 15 ഉം 16 ഉം പ്രായമുള്ള രണ്ടു കുട്ടികള്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അടൂരില്‍നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡിലെ ഒരു വീട്ടില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന നാല് പേർഷ്യന്‍ പൂച്ചകളെയാണ് സംഘം ആദ്യം മോഷ്ടിച്ചത്. അതിനുശേഷം സെന്റ് ബെനഡിക്ട് റോഡിലെ ഒരു സ്ഥാപനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ ജീവനക്കാരന്റെ 40,000 രൂപ വില വരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചു.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പാലത്തിന് താഴെനിന്ന് മറ്റൊരു ബൈക്ക് കൂടി സംഘം മോഷ്ടിച്ച് അതില്‍ കടന്നു കളയുകയായിരുന്നു. എറണാകുളം സൗത്ത് ഭാഗത്ത് വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തിനു മുന്നില്‍ അകപ്പെട്ട പ്രതികളെ സംശയം തോന്നി പോലീസ് കൈകാണിച്ചതോടെ മറ്റു മൂന്നു പേര് വാഹനവുമായി രക്ഷപ്പെട്ടു.
ജസ്റ്റിന് മാത്രമാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ഇതിനിടെ സെന്റ് ബെനഡിക്ട് റോഡില്‍നിന്ന് മോഷണം പോയ ബൈക്കിന്റെ ഉടമ പരാതിയുമായി എറണാകുളം നോര്‍ത്ത് പോലീസിലെത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
സൗത്ത് പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു പോയ മൂന്നു പ്രതികള്‍ ബംഗാള്‍ സ്വദേശികളുടെ രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും പനങ്ങാട് സ്റ്റേഷന് പരിധിയില്‍നിന്ന് മറ്റൊരു ബൈക്ക് കൂടി മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. മോഷണ മുതലുകളെല്ലാം പോലീസ് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ സിപിഒമാരായ ഉണ്ണികൃഷ്ണന്, റിനു, ഷിബു എന്നിവരും ഉണ്ടായിരുന്നു.