ശക്തമായ മഴയെ തുടർന്ന് ദുബായിയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ് ഇപ്പോൾ. മനുഷ്യരോടൊപ്പം ചെറുജീവികളും ഈ അവസ്ഥയിൽ ബുദ്ധിമുട്ടുകയാണ്.
ഇത്തരത്തിൽ വെള്ളത്തില്‍ നിന്ന് ജീവൻ രക്ഷയ്ക്കായി കാറിന്റെ ഡോർ ഹാൻഡിലിൽ പിടിച്ച പൂച്ചയുടെ വീഡിയോയാണ് ദുബായി മീഡിയ ഓഫീസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ സംഭവസ്ഥലത്തേക്ക് ബോട്ടിലെത്തുന്ന ദുബായി പോലീസ് സേനാംഗങ്ങൾ പൂച്ചയെ രക്ഷിക്കുന്നതും കാണിക്കുന്നുണ്ട്.
എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ദുബായിയിൽ ലഭിച്ചത്. അതിവേഗത്തില്‍ പേമാരി പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടായി.
റോഡുകളിലെ വെള്ളക്കെട്ട് നിമിഷങ്ങള്‍ക്കകമാണ് അതിശക്തമായ ഒഴുക്കായി മാറിയത്. നിരവധി യാത്രക്കാര്‍ ഹൈവേയില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതും ജനങ്ങളെ പെരുവഴിയിലാക്കി.
ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
الراحمون يرحمهم الرحمن.#دبي | @DubaiPoliceHQ pic.twitter.com/dNJx1ygMxs
— Dubai Media Office (@DXBMediaOffice) April 17, 2024