ചോംഗ്കിംഗ്(ചൈന): പൂച്ച രാജിക്കത്ത് അയച്ചതിനാൽ ഒരു യുവതിയുടെ ജോലി നഷ്ടപ്പെട്ട അപൂർവ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു.തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് സ്വദേശിനിയായ 25 കാരിയുടെ ജോലിയാണു പൂച്ച കാരണം പോയത്.
സംഭവം ഇങ്ങനെ: നിലവിലുള്ള ജോലി ഉപേക്ഷിക്കണമെന്ന ചിന്ത യുവതിക്ക് ഉണ്ടായിരുന്നു. അതിനാൽ ഒരു രാജിക്കത്തും തയാറാക്കിയിരുന്നു. എന്നാൽ മറ്റു വരുമാനങ്ങൾ ഇല്ലാതിരുന്നതിനാൽ പെട്ടെന്നു ജോലി വിടാനാവുമായിരുന്നില്ല. അതുകൊണ്ട് ടൈപ്പ് ചെയ്ത് തയാറാക്കിയ രാജിക്കത്ത് ബോസിന് അയയ്ക്കാതെ ലാപ്ടോപ്പിൽ സേവ് ചെയ്തു സൂക്ഷിച്ചു.
യുവതിയുടെ വീട്ടിൽ ഒമ്പത് പൂച്ചകളുണ്ട്. വീട്ടിൽ എല്ലാവിധ സ്വാതന്ത്ര്യവും അവയ്ക്കു നൽകിയിരുന്നു. രാജിക്കത്ത് ടൈപ്പ് ചെയ്ത് വച്ചിരുന്ന ലാപ്ടോപ്പിലേക്ക് പൂച്ചകളിലൊന്നു ചാടിക്കയറിയപ്പോൾ എന്റർ ബട്ടൺ അറിയാതെ അമർത്തപ്പെടുകയും രാജിക്കത്ത് സെൻഡ് ആവുകയുംചെയ്തു.
ഉടൻതന്നെ യുവതി ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ, അതിനകം രാജിക്കത്ത് കണ്ടിരുന്ന ബോസ് രാജി സ്വീകരിച്ചെന്നും ഇനി ജോലിക്കു വരേണ്ടെന്നും യുവതിയെ അറിയിക്കുകയായിരുന്നു.
വർഷാവസാനം കിട്ടാനുള്ള ബോണസും ഇതോടെ യുവതിക്കു നഷ്ടമായെന്നു റിപ്പോർട്ടുകളിൽ പറയുന്നു. യുവതിയുടെ അസാധാരണ അനുഭവം ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി.