തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന പൂച്ചകൾക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ ശിക്ഷയേറ്റുവാങ്ങി വൃദ്ധ. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. 79കാരിയായ നാൻസി സെഗുയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
2017ൽ ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് ഒറ്റയ്ക്ക് ജീവിച്ച നാൻസി, കടുത്ത ഏകാന്തതയിലായിരുന്നു. ഈ സമയം അയൽക്കാർ താമസം മാറിയതിനെ തുടർന്ന് അനാഥരായി അലഞ്ഞ് തിരിഞ്ഞു നടന്ന പൂച്ചകൾ ഭക്ഷണം തേടി ഇവരുടെ അടുക്കലെത്തി. നാൻസി പൂച്ചകൾക്ക് ഭക്ഷണം നൽകി സംരക്ഷണമായി മാറി.
ഈ പൂച്ചകൾ പെറ്റുപെരുകി. പ്രായപൂർത്തിയാകാത്ത എട്ട് പൂച്ചകൾ ഈ വീട്ടിലുണ്ട്. അവയിൽ പലതും ഗർഭിണികളാണ്. “എന്റെ പൂച്ചക്കുട്ടികളെ എനിക്ക് നഷ്ടപ്പെടുന്നു. അവ ചത്തുപോകും. എന്റെ ഭർത്താവ് മരണമടഞ്ഞു. ഇപ്പോൾ ഞാൻ ഏകയാണ്. എന്നെ സഹായിക്കാൻ ഈ പൂച്ചകളും പൂച്ചക്കുട്ടികളും മാത്രമേയുള്ളു’. ശിക്ഷ വിധി കേട്ട് നാൻസിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
അനധികൃതമായി പൂച്ചകളെ വളർത്തിയതിന് നേരത്തെ ഇവരിൽ നിന്നും 20,000 ഡോളർ പിഴ ഈടാക്കിയിരുന്നു. ശിക്ഷ നടപ്പാക്കുവാൻ ഓഗസ്റ്റ് 11ന് കുയഹോഗ കൗണ്ടി ജയിലിൽ ഹാജരാകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.