ജപ്പാനിലെ ഒരു ടെക് കന്പനിയിലേക്കു കയറിച്ചെല്ലുന്നവർക്ക് എവിടെയാണ് എത്തിപ്പെട്ടതെന്നറിയാതെ സ്ഥലകാലവിഭ്രാന്തി ഉണ്ടാകും. കാരണം മറ്റൊന്നുമല്ല, ഓഫീസിൽ തലങ്ങും പൂച്ചകൾ നടക്കുന്നു. കംപ്യൂട്ടർ ടേബിളിലും ജീവനക്കാരുടെ മടിയിലുമൊക്കെ പൂച്ചകൾ. ചിലർ പൂച്ചകൾക്കൊപ്പം കളിക്കുന്നു. മറ്റു ചിലർ പൂച്ചകൾക്കു തീറ്റ നൽകുന്നു.
ആകെ തമാശ നിറഞ്ഞ അന്തരീക്ഷം. ഒരു കന്പനിയുടെ ഓഫീസാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വെബ്, ആപ്പ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യുനോട്ട് കന്പനിയുടെ ഓഫീസിലാണ് ഈ പൂച്ചക്കാഴ്ചകൾ.
ഓഫീസിൽ ആകെ 32 ജീവനക്കാരാണുള്ളത്. ഇവിടെയുള്ള പൂച്ചകളുടെ എണ്ണം പത്ത്. മാനേജ്മെന്റ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഫീസിലെ പൂച്ച വളർത്തൽ. ജീവനക്കാരുടെ ജോലി സമ്മർദം കുറച്ച് അവരെ ഊർജസ്വലരാക്കാനുള്ള സൈക്കോളജിക്കൽ നീക്കമാണത്രെ ഇത്.
ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവരുടെ സർഗാത്മകത വർധിക്കുമെന്നും അതിന്റെ നേട്ടം കന്പനിക്കു കിട്ടുന്നുണ്ടെന്നും അധികൃതർ പറയുന്നു.
2004 മുതലാണ് കമ്പനി പൂച്ചകളെ ദത്തെടുത്തു തുടങ്ങിയത്. ജീവനക്കാരെപ്പോലെ പൂച്ചകൾക്കുമുണ്ട് പേരുകളും പദവികളും. പ്രായം കൂടിയ 20കാരിയായ “ഫതുബയ്ക്ക്’ ഏറ്റവും ഉയർന്ന പദവിയായ “ചെയർകാറ്റ്’ നൽകിയിരിക്കുന്നു.
മാനേജർ, ഗുമസ്തൻ എന്നിങ്ങനെ പോകുന്നു മറ്റുള്ളവയുടെ പദവികൾ. പൂച്ചകളുടെ എണ്ണം കൂടുകയും സ്വതന്ത്രമായി വിഹരിക്കാൻ അവയ്ക്കു പറ്റാതെ വരികയും ചെയ്തതോടെ 2020ൽ ഓഫീസ് നാലുനിലകളുള്ള കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. പുതിയ ഓഫീസിൽ പൂച്ചകൾക്കു മാത്രമായി രണ്ടു നിലകൾ കമ്പനി മാറ്റിവയ്ക്കുകയുംചെയ്തു.
എല്ലാ പൂച്ചകൾക്കും സ്വന്തമായി ഇരിപ്പിടങ്ങളും ഷെൽഫുകളുമുണ്ട്. ഇവയുടെ അടുത്തായിരിക്കുമ്പോൾ ജീവനക്കാർക്കു സ്വാഭാവികമായും വിശ്രമം തോന്നുമെന്നും ഓഫീസിലെ പൂച്ച സാന്നിധ്യമറിഞ്ഞ് നിരവധിപ്പേർ കമ്പനിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചെന്നും കമ്പനി സിഇഒ നോബുയുകി സുരുട്ട അവകാശപ്പെട്ടു.