മഴയുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധയിടങ്ങളിൽ ആചാരങ്ങളും കഥകളും നിലവിലുണ്ട്. പുരാണങ്ങളിലെ ഋഷ്യശൃംഗന്റെ കഥമുതൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന തവളക്കല്യാണം വരെ ഇക്കൂട്ടത്തിൽപ്പെടുന്നു! തായ്ലൻഡിലെ കർഷകരുടെ ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരവും അടുത്തിടെ അതിൽവന്ന മാറ്റവും കൗതുകമായി.
തായ്ലൻഡിലെ കർഷകർ മഴയ്ക്കായി ദൈവത്തോടു പ്രാർഥിക്കുന്പോൾ പൂച്ചകളെ ഉപയോഗിച്ചിരുന്നു. പൂജ നടക്കുന്ന സ്ഥലത്തേക്കു പൂച്ചകളെ കൂട്ടിലടച്ചു കൊണ്ടുവന്നശേഷം ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയ്ക്കിടെ പൂച്ചയുടെ ശരീരത്തേക്കു വെള്ളം തളിക്കും. പൂച്ച കരയുന്നതുവരെ വെള്ളം തെറിപ്പിക്കും.
നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. കറുത്ത പൂച്ചകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രാർഥനകൾ നടത്തിയാൽ മഴ ചെയ്യുമെന്നാണ് അവിടത്തെ കർഷകരുടെ വിശ്വാസം.
വിശ്വാസം അതല്ലേ എല്ലാം! എങ്കിലും ആ വിശ്വാസത്തിൽ 2015 മുതൽ അൽപ്പം മാറ്റംവരുത്തിയിരിക്കുകയാണു തായ്ലൻഡിലെ കർഷകജനത. ഇപ്പോൾ പൂച്ചകൾക്കു പകരം “പൂച്ചപ്പാവ’കളെയാണ് കർഷകർ ആചാരനിർവഹണത്തിനായി ഉപയോഗിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന മൃദുവായ, കുട്ടികളുടെ പ്രിയപ്പെട്ട ഡോറെമോൻ, ഹലോ കിറ്റി പാവകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ആചാരങ്ങളുടെ ഭാഗമായി പൂച്ചകൾ ഉപദ്രവിക്കപ്പെടുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണു പൂച്ചകളെ ഉപയോഗിക്കുന്നതു നിർത്തലാക്കിയത്. മൃഗസംരക്ഷണം എന്ന സന്ദേശവും ഇതിലൂടെ കർഷകസമൂഹം മുന്നോട്ടുവയ്ക്കുന്നു.